ഓണത്തിന് ശേഷം കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധന,കണക്കുകള്‍ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ ഉണ്ടായ ഞെട്ടിക്കുന്ന വര്‍ദ്ധനവിന്റെ കണക്കുകള്‍ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്. നേരത്തെ മുഖ്യമന്ത്രി സൂചിപ്പിച്ചതുപോലെ തന്നെ ഓണാഘോഷത്തിന് ശേഷമായിരുന്നു കൊവിഡ് കേസുകളില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായത്. ഓണത്തിന് ശേഷം ഒരാഴിച്ചക്കിടെ മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 20,000 ത്തിലധികമാണ്. ഒപ്പം 84 മരണവും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് കേസുകള്‍ ഇരട്ടിക്കുന്ന ഇടവേള 27.4 ല്‍ നിന്ന് 23.2 ദിവസമായി കുറഞ്ഞു എന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിടുന്ന കണക്കുകള്‍.

അതേസമയം കേരളത്തിൽ ഇന്ന് 3215 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂർ 213, കോട്ടയം 192, തൃശൂർ 188, കാസർഗോഡ് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Loading...

12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബർ 5ന് മരണമടഞ്ഞ തൃശൂർ വെൺമനാട് സ്വദേശി മുഹമ്മദ് അലി ഹാജി (87), സെപ്റ്റംബർ 7ന് മരണമടഞ്ഞ മലപ്പുറം വളവന്നൂർ സ്വദേശി മാധവൻ (63), സെപ്റ്റംബർ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ലീല (60), തിരുവനന്തപുരം സ്വദേശി ഹരീന്ദ്രൻ (67), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശിനി ഷഹുനാതുമ്മ (64), തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി നാരായണ പിള്ള (89), കോഴിക്കോട് പറമ്പിൽ സ്വദേശി രവീന്ദ്രൻ (69), തൃശൂർ പാമ്പൂർ സ്വദേശി പോൾസൺ (53), തൃശൂർ വഴനി സ്വദേശി ചന്ദ്രൻനായർ (79), സെപ്റ്റംബർ 9ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാർ സ്വദേശി സ്റ്റാൻലി (54), എറണാകുളം കുന്നത്തേരി സ്വദേശി ഇസ്മയിൽ (55), ആഗസ്റ്റ് 6ന് മരണമടഞ്ഞ പാലക്കാട് അമ്പലപ്പാറ സ്വദേശി ഖാലിദ് (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 466 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.