വീണ്ടും ആശങ്ക; മുംബൈയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നു, ജാ​ഗ്രതാ മുന്നറിയിപ്പ്

മുംബൈ: ഒരിടവേളയ്ക്ക് ശേഷം മുംബൈയിൽ വീണ്ടും കൊവിഡ് കേസുകൾ വർദ്ധിക്കുന്നു. പുതുതായി ഇന്നലെ മാത്രമ റിപ്പോർട്ട് ചെയ്തത് 506 പുതിയ കേസുകളാണ്. ഫെബ്രുവരി മുതൽ കേസുകൾ കുറഞ്ഞു വന്നിരുന്നു. ഇപ്പോൾ കുത്തനെ വർദ്ധിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഫെബ്രുവരി 6-ന് ശേഷം (536 കേസുകൾ) ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്നലെയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിലെത്തി.

മഴക്കാലം വരുന്നതോടെ ഇനിയും കേസുകൾ കൂടാനുള്ള സാധ്യത കണക്കിലെടുത്ത്, നഗരത്തിൽ കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനാണ് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻറെ തീരുമാനം. യുദ്ധകാലാടിസ്ഥാനത്തിൽ ടെസ്റ്റിംഗ് കൂട്ടണമെന്ന് ഉദ്യോഗസ്ഥർക്ക് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ടെസ്റ്റിംഗ് ലാബുകളോട് തയ്യാറായിരിക്കണമെന്നും, സ്റ്റാഫ് എണ്ണം കൂട്ടണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ”ദിവസം തോറും മുംബൈയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. മൺസൂൺ വരാനിരിക്കുന്നതിനാൽ രോഗലക്ഷണങ്ങളോടെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടാനാണ് സാധ്യത”, ബിഎംസി പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.

Loading...