തലസ്ഥാനത്ത് ആശങ്ക ഒഴിയുന്നില്ല, അഞ്ഞൂറ് കടന്ന് കൊവിഡ് കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലയായി മാറിയിരിക്കുകയാണ് തിരുവനന്തപുരം. ആശങ്കയുടെ നാളുകളാണ് ഇനി വരാനിരിക്കുന്നത്. ഇന്നും അഞ്ഞൂറ് കടന്നിരിക്കുകയാണ് രോഗികളുടെ എണ്ണം. വലിയ തോതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടാകുന്ന വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതും. അതേസമയം തന്നെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ് കേസുകളുടെ കുത്തനെയുള്ള വര്‍ദ്ധനവ്.

അതേസമയം ഇന്ന് സംസ്ഥാനത്ത് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 207 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 127 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Loading...

7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി മുഹമ്മദ് ഫാത്തിമ (70), തിരുവനന്തപുരം കരുമം സ്വദേശി മാടസ്വാമി ചെട്ടിയാര്‍ (80), മലപ്പുറം കടന്നമണ്ണ സ്വദേശിനി മാധവി (77), മലപ്പുറം തിരൂരങ്ങാടി സ്വദേശി അബൂബക്കര്‍ ഖാജി (80), ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിനി രാജമ്മ (85), ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണന്‍കുട്ടി (69), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂര്‍ മയ്യില്‍ സ്വദേശി പി.വി. യൂസഫ് (54), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 274 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.