കോവിഡ് രോഗികള്‍ കുതിച്ചുയരുന്നു, റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാമത്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,248 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം വൈറസ് ബാധയേറ്റ് 425 പേര്‍ മരിച്ചു. ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 6,97,413 പേര്‍ക്കാണ്. ഇതില്‍ 2,53,287 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 4,24,433 പേര്‍ രോഗമുക്തി നേടി. 19,693 പേരാണ് കോവിഡ് പിടിപെട്ടു മരിച്ചത്.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തി. മൂന്നാം സ്ഥാനത്തായിരുന്ന റഷ്യ നാലാമതായി. റഷ്യയില്‍ 6.81 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇത് 6.97 ലക്ഷം കവിഞ്ഞു. റഷ്യയിലേതിനേക്കാള്‍ ഇരട്ടിയാണ് ഇന്ത്യയിലെ കോവിഡ് മരണം. റഷ്യയില്‍ 10,161 പേരാണ് മരിച്ചത്. അതേസമയം ഇന്ത്യയില്‍ ഇതുവരെ മരണം 20,000ന് അടുത്തെത്തി. മരണക്കണക്കില്‍ ഇന്ത്യ ലോകരാഷ്ട്രങ്ങളില്‍ എട്ടാമതാണ്.

Loading...

ഞായറാഴ്ച രാജ്യത്ത് റിക്കോര്‍ഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 25,000 കേസുകള്‍. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് സ്ഥിതി ഏറെ ഗുരുതരം. മഹാരാഷ്ട്രയില്‍ ഇന്നലെ ഏഴായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ 4,200 ല്‍ അധികം പേര്‍ക്കും ഡല്‍ഹിയില്‍ 2,500 ലേറെ പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

ബ്രസീലും അമേരിക്കയും മാത്രമാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ബ്രസീലില്‍ 15 ലക്ഷത്തിനും അമേരിക്കയില്‍ 28 ലക്ഷത്തിനും മുകളിലാണ് കോവിഡ് കേസുകള്‍.