സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ ഇനിയും വര്‍ദ്ധിക്കും;ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പ്രവാസികള്‍ എത്തിത്തുടങ്ങിയതോടെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ്. ഇനിയും അത് കൂടാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നല്‍കുന്നത്. പുറത്ത് നിന്ന് എത്തുന്ന ആള്‍ക്കാരില്‍ നിരവധി രോബാധിതര്‍ ഉണ്ടെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്.

ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്തുനിന്നും എത്തുന്ന ആള്‍ക്കാര്‍ കൂടുതലും ഹോട്ട്‌സ്‌പോട്ട് മേഖലയില്‍ നിന്നും വരുന്നവരാണ്. അതുകൊണ്ടു തന്നെ 13 ദിവസം കൊണ്ട് ഇനിയും രോഗികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. അതേസമയം കൊവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടം കേരളത്തില്‍ ഉണ്ടാവുകയാണ് അത് കൂടുതല്‍ അപകടകരമാണെന്ന് കഴിഞ്ഞ ദിവസം തന്നെ മന്ത്രി വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാവുകയാണെങ്കില്‍ ഇപ്പോള്‍ നല്‍കുന്ന തരത്തിലുളള ശ്രദ്ധ രോഗികള്‍ക്ക് നല്‍കാന്‍ കഴിയണമെന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

Loading...

കേരളത്തില്‍ ഇനി ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. അതിന് ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. ഇതുവരെയുണ്ടായിരുന്ന ജാഗ്രതയേക്കാള്‍ കൂടുതല്‍ പുലര്‍ത്തണം. കൊവിഡ് വര്‍ദ്ധിച്ചാല്‍ രോഗികളെ മരണത്തിന് വിട്ടുകൊടുക്കാന്‍ സര്‍ക്കാരിന് കഴിയില്ല. അതുകൊണ്ട് തന്നെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം തന്നെ മഴക്കാലം വരാന്‍ പോകുന്നതുകൊണ്ട് പകര്‍ച്ചവ്യാധികള്‍ക്കും സാധ്യത ഏറെയാണെന്നും മന്ത്രി വ്യക്തമാക്കി.