ശബരിമല തീര്‍ത്ഥാടനത്തിന് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: ഇത്തവണ ശബരിമല തീര്‍ത്ഥാടനത്തിന് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കി.കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വളരെ കുറച്ച് തീര്‍ത്ഥാടകരെയേ ദര്‍ശനത്തിന് അനുവദിക്കാനാകുകയുള്ളുവെന്നും ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.ശബരിമല തീര്‍ത്ഥാടനം കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചതായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറഇയിച്ചു.

തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കുമെന്നും പോലീസ് വകുപ്പിന്റെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ തീര്‍ത്ഥാടകരുടെ പ്രവേശനം നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ്-19 രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റുമായി വരുന്ന തീര്‍ത്ഥാടകരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി തിരക്കില്ലാതെ ദര്‍ശത്തിന് എത്തിക്കുന്ന തരത്തില്‍ ക്രമീകരണം ഒരുക്കുന്നത്.കോവിഡ് പശ്ചാത്തലത്തില്‍ സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലും ആരോഗ്യ വകുപ്പ് ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.അടഞ്ഞുകിടക്കുന്ന അമൃത ഹോസ്പിറ്റല്‍ ഏറ്റെടുത്ത് ഭക്തര്‍ക്ക് അടിയന്തര മെഡിക്കല്‍ സഹായം നല്‍കുന്ന രീതിയിലേയ്ക്ക് മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു.

Loading...

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രോഗ വ്യാപനം ഉണ്ടാകാത്ത രീതിയില്‍ തീര്‍ത്ഥാടനം നടത്താന്‍ ദേവസ്വം ബോര്‍ഡ് സന്നദ്ധമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. നിലയ്ക്കലില്‍ കോവിഡ് ചികിത്സയ്‌ക്കെടുത്തിരിക്കുന്ന കെട്ടിടങ്ങള്‍ ജില്ലാ ഭരണകൂടം, തീര്‍ത്ഥാടന കാലത്തിന് മുന്‍പായി ഒഴിഞ്ഞു നല്‍കണമെന്ന് എന്‍. വാസു ആവശ്യപ്പെട്ടു. കടകള്‍ ലേലം ചെയ്ത് പോകാനുള്ള സാധ്യത കുറയുകയാണെങ്കില്‍ കണ്‍സ്യൂമര്‍ഫെഡ് പോലുള്ള സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനം തീര്‍ത്ഥാകര്‍ക്ക് ലഭ്യമാക്കുന്നതിനും യോഗം തീരുമാനിച്ചു.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തന്നെ തീര്‍ത്ഥാടനം നടത്തുന്നതിനുള്ള യോഗ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പന്തളം രാജകുടുംബ പ്രതിനിധി ശശികുമാരവര്‍മ്മ പറഞ്ഞു.