അമേരിക്കയില്‍ മരണം 1 ലക്ഷത്തിലേക്ക് ? ബ്രസീലിലും സ്ഥിതി വഷളാകുന്നു

കൊവിഡ് മഹാമാരി മരണതാണ്ഡവമാടി മനുഷ്യജീവനുകളെല്ലാം നിഷ്‌കരുണം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയിലാണ് ഇപ്പോള്‍ സ്ഥിതി അതീവഗുരുതരമായി തുടരുന്നത്. നേരത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ മരണം 1 ലക്ഷം കവിഞ്ഞേക്കാമെന്നാണ് വ്യക്തമാക്കിയിരുന്നത്. അത് അങ്ങനെ തന്നെ സംഭവിച്ചേക്കുമെന്ന സൂചനകളാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ 212 രാജ്യങ്ങളിലായ പടര്‍ന്ന് പിടിച്ച കൊവിഡ് മഹാമാരിയില്‍ 3.24 ലക്ഷം ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുകഴിഞ്ഞു.ഇന്നലെ മാത്രം 94,745 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ലോകത്ത് ആകെ രോഗികളുടെ എണ്ണം 49.82 ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. അതേസമയം ഇതുവരെ 19 ലക്ഷത്തിലധികം ആളുകള്‍ക്ക് അസുഖം ഭേദമാവുകയും ചെയ്തു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 27 ലക്ഷം കടന്നിരിക്കുകയാണ്. ഇതില്‍ 45,443 പേരുടെ നില അതീവഗുരുതരമായി തുടരുന്നു.

അമേരിക്കയില്‍ രണ്ട് ദിവസത്തിന് ശേഷം വീണ്ടും ഇന്നലെ മരണനിരക്ക് ഉയര്‍ന്നു. 24 മണിക്കൂറില്‍ 1,552 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 93,533 ആയി. ഇരുപതിനായിരത്തിലേറെ പേര്‍ക്ക് ഇന്നലെയും രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 15.70 ലക്ഷമായി.ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ ലോകത്തെ കോവിഡ് ബാധയുടെ പുതിയ കേന്ദ്രമായ ബ്രസീലില്‍ 1,130 പേരാണ് ഇന്നലെ മരിച്ചത്. ആകെ മരണം 17,983 ആയി ഉയര്‍ന്നു. കോവിഡ് ബാധിതരുടെ എണ്ണം 2.71 ലക്ഷമായി.

Loading...

റഷ്യയില്‍ 2.99 ലക്ഷം രോഗികളും സ്‌പെയിനില്‍ 2.78 ലക്ഷം രോഗികളും ബ്രസീലില്‍ 2.71 ലക്ഷവും യുകെയില്‍ 2.48 ലക്ഷവും ഇറ്റലിയില്‍ 2.26 ലക്ഷവും രോഗികളാണുളളത്. ഫ്രാന്‍സ്, ജര്‍മ്മനി, തുര്‍ക്കി, ഇറാന്‍ എന്നി രാജ്യങ്ങളില്‍ ഒരുലക്ഷത്തിനും രണ്ടും ലക്ഷത്തിനും ഇടയില്‍ രോഗബാധിതരുണ്ട്.