കൊവിഡ് 19 : യുകെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ബ്രിട്ടനിൽ വച്ച് കൊറോണ ബാധിച്ച് മരിച്ചു. ചെമ്പനോട സ്വദേശിയായ കുന്നക്കാട് സിദ്ധാർത്ഥ് ആണ് മരിച്ചത്. വീട്ടിലേക്ക് ഫോൺ കോൾ വന്നപ്പോഴാണ് സിദ്ധാർത്ഥ് മരിച്ച വിവരം കുടുംബാംഗങ്ങൾ അറിയുന്നത്. സിദ്ധാർത്ഥിന്റെ അച്ഛൻ ഖത്തറിൽ ഡോക്ടറായ പ്രകാശ് ആണ്. ഡോ.പ്രകാശും ഭാര്യയും ഖത്തർ രാജാവിന്റെ ചികിത്സാ സംഘത്തിലെ അംഗങ്ങളാണ്. അതേസമയം വൈറസ് ബാധമൂലം യുകെയിലും സ്ഥിതി ഗുരുതരമാവുകയാണ്. കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം 763 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ പതിനെണ്ണായിരം കടന്നു. നാലായിരത്തിലേറെ പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. ഇതോടെ രോഗികളുടെ എണ്ണം 133495 ആയി.

എന്നാൽ യുഎസില്‍ കൊവിഡ് 19 വൈറസിന്റെ രണ്ടാംഘട്ട വ്യാപനം വര്‍ഷാവസാനത്തോടെ ഉണ്ടാവുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമായേക്കാമെന്നുമാണ് ആരോഗ്യവിഭാഗം പറയുന്നത്. അമേരിക്കയില്‍ വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം മരിച്ചത് 2,219 പേരാണ്. ഇതോടെ മരണസംഖ്യ 47000 കവിഞ്ഞു. ലോകത്തെ നാലിലൊന്ന് കൊവിഡ് രോഗികളും യുഎസിലാണ്. അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം എട്ടരലക്ഷത്തോട് അടുക്കുകയാണ്. ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 26 ലക്ഷം കടന്നു.

Loading...

പകര്‍ച്ചവ്യാധി പടരുന്ന ശൈത്യകാലത്ത് കൊവിഡ് 19 വൈറസിന്റെ വ്യാപനം കൂടി ഉണ്ടായാല്‍ സ്ഥിതിഗതികള്‍ പിടിച്ചാല്‍ കിട്ടാതെ ആവുമെന്നാണ് യുഎസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് വ്യക്തമാക്കിയത്. ഇങ്ങനെ സംഭവിച്ചാല്‍ രാജ്യത്തെ ആരോഗ്യസംവിധാനത്തെ സാരമായി ബാധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.