കൊവിഡ് ഡെല്‍റ്റ വകഭേദം ചിക്കന്‍ പോക്‌സ് പോലെ പടര്‍ന്നു പിടിക്കുന്നത്; ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പഠനം

കൊവിഡിന്റെ ഡെല്‍റ്റ വകഭേദം ചിക്കന്‍ പോക്സ് പോലെ പടര്‍ന്നു പിടിക്കുമെന്നും അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ട്. അമേരിക്കയുടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്റെ പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇതിന്റെ കൂടി ഭാഗമായാണ് അമേരിക്കയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ച മുതല്‍ മാസ്‌ക് ധരിക്കുന്നതടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ അമേരിക്കയില്‍ ശക്തമാക്കിയിരുന്നു.

വാക്സിനേഷന്‍ കഴിഞ്ഞവരിലും ഡെല്‍റ്റ വകഭേദം പടരുന്നതായി കണ്ടെത്തിയിരിക്കുകയാണെന്നും അതുകൊണ്ട് കൊവിഡ് വ്യാപനം ശക്തമായ പ്രദേശങ്ങളിലുള്ളവര്‍ കെട്ടിടങ്ങള്‍ക്കുള്ളിലാണെങ്കിലും മാസ്‌ക് ധരിക്കണമെന്നായിരുന്നു യു.എസ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്. വാക്സിനേഷന്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും സ്‌കൂളുകളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മറ്റു സ്റ്റാഫുകളും സന്ദര്‍ശകരുമെല്ലാം മാസ്‌ക് ധരിച്ചിരിക്കണമെന്നും ആരോഗ്യവകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്.കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ ദ്രുതഗതിയിലാക്കാനുള്ള നടപടികളും അമേരിക്ക സ്വീകരിച്ചിരുന്നു.

Loading...

വാക്‌സിനേഷന്‍ നടത്തുന്നവര്‍ക്ക് പണം പാരിതോഷികമായി നല്‍കുന്നതടക്കമുള്ള നടപടികള്‍ക്കാണ് പ്രസിഡന്റ് ജോ ബൈഡന്‍ തുടക്കം കുറിച്ചിരിക്കുന്നത്.നിയമങ്ങള്‍ കര്‍ശനമാക്കുക, വാക്‌സിനേഷന്‍ നടത്താന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുക എന്നീ നയങ്ങളാണ് ബൈഡന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനുള്ള നടപടികളും നടക്കുന്നുണ്ട്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് പതിവായി കൊവിഡ് പരിശോധന, മാസ്‌ക് നിര്‍ബന്ധമാക്കല്‍, യാത്രാവിലക്ക് തുടങ്ങിയവ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മറ്റു വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്‌ബോള്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ ഏറെ പുറകിലാണ് അമേരിക്കയുടെ സ്ഥാനം. സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്തിട്ടും ജനങ്ങള്‍ കുത്തിവെയ്പ്പിന് തയ്യാറാകുന്നില്ല. അമേരിക്കയില്‍ വാക്‌സിന്‍ വിരുദ്ധ മനോഭാവം ശക്തമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാക്‌സിനെ കുറിച്ചുള്ള വ്യാജവാര്‍ത്തകളും രാഷ്ട്രീയ ചേരിതിരിവുകളും വാക്‌സിനേഷനെ ബാധിക്കുന്നുണ്ട്. ഇപ്പോള്‍ ഡെല്‍റ്റ വകഭേദം രാജ്യത്ത് തീവ്രമായി വ്യാപിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് നടപടികള്‍ കര്‍ശനമാക്കിയിരിക്കുന്നത്.

കൂടുതല്‍ മികച്ച രീതിയില്‍ വാക്സിനേഷന്‍ നടപ്പിലാക്കേണ്ടതുണ്ടെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നതെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചത്.അമേരിക്കയില്‍ മാത്രമല്ല, ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം തീവ്രമായി പടര്‍ന്നുപിടിച്ചിട്ടുണ്ട്. നിലവില്‍ കൊവിഡ് വ്യാപനം ശക്തമായ ഏഷ്യന്‍ രാജ്യങ്ങളിലും ഡെല്‍റ്റ വകഭേദവുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാസങ്ങള്‍ക്ക് ശേഷം പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധവ് രേഖപ്പെടുത്തിയ ചൈനയില്‍ ഡെല്‍റ്റ ക്ലസ്റ്ററുകള്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.