കൊവിഡ് മുക്തരായവർക്ക് വീണ്ടും രോ​ഗബാധ: ആശങ്കയോടെ രാജ്യം: അപൂർവ്വമെന്ന് ഐസിഎംആർ

ദില്ലി: രാജ്യം വീണ്ടും ആശങ്കയിൽ. കൊവിഡ് മുക്തരായവർക്ക് വൈറസ് രോ​ഗബാധ കണ്ടെത്തി. നോയിഡ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗ ബാധ കണ്ടെത്തിയത്. എന്നാൽ അപൂർവമായി ഉണ്ടാകുന്ന സംഭവം എന്നാണു ഐസിഎംആറിന്റെ വിലയിരുത്തൽ. വ്യത്യസ്ത ജനിതക ശ്രേണിയിൽ പെട്ട രോഗാണു ആണിതെന്നാണ് വിദഗ്ധരുടെ സ്ഥിരീകരണം.

രോഗം വന്നുപോയി മൂന്നു മാസത്തിനിടെ ആണ് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. സിഎസ്ഐആറിനു കീഴിലുള്ള ഐഡിഐഡി ദില്ലിയിൽ നടത്തിയ പഠനത്തിലാണ് രോ​ഗബാധ കണ്ടെത്തിയത്. അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു. 50, 20, 359 പേർക്കാണ് ഇതുവരെ രോ​ഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 90, 123 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

Loading...

ഇന്നലെ 1290 പേർ കൂടി മരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 82066 ആയി. 995933 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3942360 പേർ ഇതുവരെ രോ​ഗമുക്തരായെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. 78. 53% ആണ് നിലവിൽ രാജ്യത്തെ രോ​ഗമുക്തി നിരക്ക്.

അതിനിടെ, കൊവിഡ് 19 വാക്സിൻ പരീക്ഷണം വീണ്ടും തുടങ്ങാൻ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ വി.ജി. സൊമാനി അനുമതി നൽകി. അസ്ട്ര സെനക കമ്പനിയുമായി ചേർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഓക്‌സ്‌ഫഡ‍് വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവച്ചിരുന്നു. പരീക്ഷണം വീണ്ടും തുടങ്ങുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് ഡിസിജിഐ നിർദേശം. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പരീക്ഷണ പ്രോട്ടോകോൾ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.