രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് നൂറ് ദിനം, രോഗികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവ്

ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടിട്ട് ഇന്നേക്ക് നൂറ് ദിനം പൂര്‍ത്തയാവുകയാണ്. മാര്‍ച്ച് 25നായിരുന്നു ആദ്യമായി രാജ്യത്ത് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ വളരെ നേരത്തെ തന്നെ ദുരന്തം മുന്നില്‍ കണ്ട് രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങിയെങ്കിലും രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതി വലിയ വര്‍ദ്ധനവ് തന്നെയാണ് രേഖപ്പെടുത്തിയത്. അതേസമയം ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ഗനിര്‍ദ്ദേശം രാജ്യത്ത് തുടരുകയാണ്.രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നാലു ഘട്ടങ്ങളായി നടപ്പാക്കുകയായിരുന്നു. അതിന് ശേഷം കൂടുതല്‍ ഇളവുകളോടെ അണ്‍ലോക്ക് ഘട്ടവും തുടങ്ങിക്കഴിഞ്ഞു.

എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും വേദനയായത് കുടിയേറ്റ തൊഴിലാളികളുടെ ദുരിതകാഴ്ചകളായിരുന്നു. നിരവധി കുടിയേറ്റ തൊഴിലാളികളായിരുന്നു സ്വന്തം ജന്മനാട്ടിലേക്കുള്ള മടക്കത്തിനിടയില്‍ വഴിയരികില്‍ മരിച്ച് വീണത്. റെയില്‍വെ ട്രാക്കില്‍ പൊലിഞ്ഞ ജീവനുകള്‍ നിരവധിയാണ്. വിശപ്പും ദാഹവും സഹിച്ച് മരണപ്പെട്ടവരുടെ സംഖ്യയും വലുതാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ഒരിക്കല്‍പോലും നമ്മള്‍ ചിന്തിക്കാത്തതും ആലോചിക്കാതിരുന്നതും ഈ കുടിയേറ്റ തൊഴിലാളികെളക്കുറിച്ചായിരുന്നു. അവരുടെ ജീവിതം പിന്നെയെങ്ങനെ ആയിരിക്കുമെന്നോ ജോലിയും കൂലിയും ഇല്ലാത്ത അവര്‍ക്ക് എങ്ങനെ തുടര്‍ജീവിതം സാധ്യമാകുമെന്നോ ഭരണകൂടമോ നമ്മളോ ഒരിക്കല്‍ പോലും ചിന്തിച്ചില്ല.

Loading...

അതേസമയം വിദശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുവരാനുള്ള വന്ദേഭാരത് പദ്ധതി ഇപ്പോഴും തുടരുകയാണ്. ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജന പാക്കേജും പരിഷ്‌ക്കാര നടപടികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്ത് 550 കൊവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ നൂറു ദിവസത്തിനിപ്പുറം ഈ സംഖ്യ ആറു ലക്ഷത്തില്‍ എത്തി നില്‍ക്കുകയും ചെയ്തു.അതേസമയം തന്നെ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പരിശോധനകള്‍ അടിയന്തരമായി വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പരിശോധനക്ക് കുറിപ്പടി നല്‍കാന്‍ സ്വകാര്യ ഡോക്ടര്‍മാരെയും അനുവദിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്കൊപ്പം ദ്രുത ആന്റിജെന്‍ പരിശോധനകളും ഉപയോഗപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം.