കൊവിഡ്; ഇന്ന് ചേരുന്ന അവലോകനയോഗത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും, രാത്രി കർഫ്യൂവും സജീവ പരിഗണനയിൽ

കൊവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് കൂടുതൽ നിയന്ത്രണം കൊണ്ട് വരും. വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള തീരുമാനമെടുക്കും. പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള നടപടികൾ വന്നേക്കും. വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കുന്നവരുടെ എണ്ണം 50ൽ നിന്ന് കുറച്ചേക്കും. വാരാന്ത്യ നിയന്ത്രണവും രാത്രി കർഫ്യൂവും സജീവ പരിഗണനയിലുണ്ട്.

സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുമ്പോഴും സമ്പൂർണ അടച്ചു പൂട്ടൽ ഉണ്ടാകില്ലെന്നാണ് കരുതുന്നത്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിനും മേൽ പോകാനും സാധ്യതയേറിയിട്ടുള്ള അവസ്ഥയാണിപ്പോൾ.

Loading...

രോ​ഗികളുടെ എണ്ണം കൂടുന്നതിൽ മാത്രമല്ല ആശങ്കയുള്ളത്. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം കൂടുന്നതാണ് പ്രതിസന്ധി. ഇപ്പോൾ തന്നെ കോഴിക്കോട് അടക്കം മെഡിക്കൽ കോളജ് ആശുപത്രി രോ​ഗികളാൽ നിറഞ്ഞു. തിരുവനന്തപുരത്ത് കിടത്തി ചികിത്സയിലുള്ള രോ​ഗികളുടെ എണ്ണവും കൂടുന്നുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ മുൻ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 192 ശതമാനമാണ് ആവർധന. ‌വരും ദിവസങ്ങളിൽ കൂടുതൽ രോ​ഗികൾ ആശുപത്രികളിലെത്തുമെന്നുറപ്പ്.