ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ചികിത്സ വീട്ടിൽ നടത്താമെന്ന മാർഗനിർദ്ദേശവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്ക് ഇനി കൊവിഡ് ചികിത്സ വീട്ടിൽ നടത്താമെന്ന മാർഗനിർദ്ദേശവുമായി സംസ്ഥാന സർക്കാർ. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കാണ് വീട്ടിൽ ചികിത്സക്കുള്ള അനുമതി. ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണം. പത്താം ദിവസം ആൻ്റിജൻ പരിശോധന നടത്തും. ഫലം നെഗറ്റീവ് ആയാലും ഒരാഴ്ച കൂടി നിരീക്ഷണത്തിൽ കഴിയണം. കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ വീട്ടിൽ ചികിത്സ അനുവദിക്കൂ. ശുചിമുറിയുള്ള മുറി ആയിരിക്കണം. റൂം ക്വാറൻ്റീൻ നിർബന്ധമാണ്. വീട്ടിലെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താൻ പാടില്ല.

അതേസമയം തിരുവനന്തപുരം ജില്ലയിൽ ഇന്ന് 213 പേർക്കാണ് കൊവിഡ് ബാധിച്ചത്. 198 പേർക്കാണ് ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. പത്ത് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കൊവിഡ് പരിശോധന നടത്തുന്നതിൽ 18 പേരിൽ ഒരാൾക്ക് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. തുമ്പ കിൻഫ്രയിലും, സമീപ പ്രദേശമായ പള്ളിത്തുറയിലുമാണ് ഇന്ന് കൂടുതൽ രോഗികളുള്ളത്. ഇവർക്കെല്ലാം സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് എന്നത് പ്രദേശത്ത് ആശങ്ക ഇരിട്ടിയാക്കുകയാണ്. തീരദേശ മേഖലയായ അടിമലത്തുറയിലും ഇന്ന് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടായത്.

Loading...

പത്തനംതിട്ട ജില്ലയിൽ ഇന്ന് 54 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും ഒൻപതു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 38 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയിൽ ഇന്ന് 81 പേർ രോഗമുക്തരായി. എറണാകുളം ജില്ലയിൽ ഇന്ന് 83 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 58 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയ 17 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ ഇന്ന് 31 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 56 പേർ രോഗമുക്തരായി. 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ രണ്ടുപേരുടെ രോഗം ഉറവിടം വ്യക്തമല്ല. കെഎസ്ഇ ക്ലസ്റ്ററിൽ നിന്ന് രണ്ടു പേർക്കും ചാലക്കുടി, ഇരിങ്ങാലക്കുട, കെഎൽഎഫ് ക്ലസ്റ്ററിൽ നിന്നും ഓരോരുത്തർക്കും രോഗം ബാധിച്ചു. ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1312 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 866 ആണ്.