രാജ്യത്തിന് ആശങ്കയായി ഒമിക്രോൺ; ജാ​ഗ്രത വേണമെന്ന് പ്രധാനമന്ത്രി

ദില്ലി: കൊവിഡിന്റെ ആശങ്ക നേർത്ത രീതിയിൽ ഒഴിയുന്നതിനിടെ ആശങ്കയായി പുതിയ വകഭേദം. പുതിയ വകഭേദമായ ഒമിക്രോൺ ആണ് ഇപ്പോൾ രാജ്യത്തിന് ഭീഷണിയായി മാറിയിരിക്കുന്നത്. വെല്ലുവിളി നേരിടാൻ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ നി‍ർദേശം. ഒമിക്രോൺ വകഭേദം വിവിധ ലോകരാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുട‍ർന്ന് പ്രധാനമന്ത്രി വിളിച്ചു ചേ‍‍ർത്ത അവലോകന യോ​ഗത്തിൽ ജാ​ഗ്രത കടുപ്പിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ റിപ്പോ‍ർട്ട് ചെയ്ത സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങൾ നീക്കിയ നടപടി പുനപരിശോധിക്കണമെന്ന് അവലോകനയോ​ഗത്തിൽ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

പുതിയ വകഭേദത്തിലൂടെ ഉണ്ടാവുന്ന ഭീഷണി നേരിടണമെന്നും അതിനായി വേണ്ട നടപടികൾസ്വീകരിക്കണമെന്നും നരേന്ദ്രമോദി നി‍ർദേശിച്ചു. ഒമിക്രോൺ വൈറസിനെതിരെ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും പ്രതിരോധമുറപ്പിക്കാൻ കൊവിഡ് വാക്സീൻ രണ്ടാം ഡോസിൻ്റെ വിതരണം വേ​ഗത്തിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ കൊവിഡിൻറെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതിന് പിന്നാലെയാണ് ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയത്. ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രാനിയന്ത്രണങ്ങൾ നീക്കിയതിന് തൊട്ടുപിന്നാലെ പുതിയ വകഭേദം ഭീഷണിയായത് കേന്ദ്രത്തിന് വെല്ലുവിളിയായിരിക്കുകയാണ്. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസ് നിർത്തിവെക്കണമെന്ന് ദില്ലി മുഖ്യമന്ത്രി കെജ്രിവാൾ ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു.

Loading...