ആശുപത്രിയില്‍ കിടക്കയില്ല;കൊവിഡ് രോഗി കഴിഞ്ഞത് ആംബുലന്‍സില്‍,പിന്നാലെ മരണത്തിന് കീഴടങ്ങി

മുംബൈ: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയില്‍. ഏറ്റവും ആശങ്ക ഉയര്‍ത്തുന്ന കാര്യം രോഗികള്‍ വര്‍ദ്ധിക്കുമ്പോള്‍ അവരെ ചികിത്സിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഇപ്പോള്‍ ആശുപത്രികളില്‍ ഉണ്ടോ എന്നതാണ്. എന്നാല്‍ അത്തരത്തില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗികള്‍ മരണപ്പെടേണ്ട അവസ്ഥ രാജ്യത്ത് ഉണ്ടാകുന്നു എന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുമുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ മുംബൈയില്‍ നിന്നും പുറത്ത് വരുന്നത്. മുംബൈയിലെ ആശുപത്രിയില്‍ കിടക്കയില്ലാത്തതിന്റെ പേരില്‍ കോവിഡ് രോഗി ആംബുലന്‍സില്‍ കഴിയേണ്ടി വന്നത് മണിക്കൂറുകളോളമാണ്.

ഒടുവില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു. നവി മുംബൈയില്‍ കൊവിഡ്- 19 ബാധിതനായ 64കാരനാണ് ഒരു ദിവസം മുഴുവന്‍ ആംബുലന്‍സില്‍ കഴിയേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിറ്റേന്ന് ഇയാളെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 32,000 രൂപയുടെ കുത്തിവയ്‌പ്പെടുക്കാന്‍ കുടുംബത്തിന് കഴിഞ്ഞും ഇല്ല. ഒടുവില്‍ ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലാണ് ഇപ്പോള്‍ മഹാരാഷ്ട്ര ഉള്ളത്. ജൂണ്‍ 20നാണ് 64കാരന് ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ടത്.

Loading...

തുടര്‍ന്ന് ഇയാളെ നവി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ കൊവിഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ കിടക്കയില്ലാത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മറ്റേതെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് അധികൃതര്‍ നിര്‍ദേശിച്ചത്. അതേസമയം രാജ്യത്ത് കൊവിഡ് രോഗികളും എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ.് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം കാല്‍ലക്ഷം കടന്നിരിക്കുന്നു എന്നതും വലിയ ആശങ്ക ജനിപ്പിക്കുന്ന ഒന്നാണ്.