പത്ത് ദിവസമായി ഡോക്ടര്‍ എത്തുന്നില്ല, അവശനിലയിലായ കൊവിഡ് രോഗി ഡോക്ടറുടെ മുറിക്ക് മുന്നില്‍ കുത്തിയിരിപ്പ് ധര്‍ണ നടത്തി

പട്‌ന: പത്ത് ദിവസമായി പരിശോധനയ്ക്ക് പോലും ഡോക്ടര്‍ എത്താത്തതിനെ തുടര്‍ന്ന് മുറിക്ക് മുന്നില്‍ കുത്തിയിരുപ്പ് ധര്‍ണ്ണ നടത്തി കൊവിഡ് രോഗി. ബീഹാറിലെ പട്‌നയിലാണ് സംഭവം നടന്നിരിക്കുന്നത്. പട്‌നയിലെ ദര്‍ബംഗ ആശുപത്രിയിലാണ് പത്ത് ദിവസമായി ഡോക്ടറെ കാണാന്‍ സാധിക്കാത്തതെ ദുരിതാവസ്ഥയില്‍ രോഗി കഴിയുന്നത്. തുടര്‍ന്ന് രോഗിയായ ശൈലേന്ദ്ര സിന്‍ഹ ധര്‍ണ്ണ നടത്തുകയാണ്. തനിക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നും അതിനാലാണ് ധര്‍ണ നടത്തുന്നത് എന്നുമാണ് സിന്‍ഹ പറയുന്നത്.

ഡോക്ടറുടെ മുറിക്ക് മുന്നിലാണ് ഇദ്ദേഹം ഇപ്പോള്‍ സമരം ചെയ്യുന്നത്. വസ്ത്രമടങ്ങിയ ബാഗും പാത്രങ്ങളുമുള്‍പ്പെടെയാണ് ഇദ്ദേഹത്തിന്റെ ധര്‍ണ. ‘പത്ത് ദിവസമായി ഡോക്ടര്‍മാര്‍ ആരും എന്നെ കാണാന്‍ വന്നിട്ടില്ല. വളരെ മോശം അവസ്ഥയിലാണ് ഞാന്‍. ഓക്‌സിജന്‍ സിലിണ്ടറില്‍ രണ്ട് ദിവസം മുമ്പ് വാതകം തീര്‍ന്നു പോയി. പകരം വെക്കാന്‍ ആവശ്യപ്പെട്ടിട്ടും അനുകൂലമായ പ്രതികരണമല്ല അവര്‍ നല്‍കിയത്. അതുപോലെ തന്നെ എന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ അവര്‍ എത്തിയിട്ടില്ല. പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ഫോണിലൂടെ പോലും നല്‍കിയില്ലെന്നും ഇദ്ദേഹം പറയുന്നു.

Loading...

മാത്രമല്ല ഇതേ വാര്‍ഡിലാണ് കഴിഞ്ഞ ദിവസം കൊറോണ ബാധിതരായ രണ്ട് പേര്‍ മരിച്ചതെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു. അതേസമയം കൊവിഡ് രോഗികള്‍ക്ക് അര്‍ഹമായ ശ്രദ്ധയും പരിചരണവും ലഭിക്കുന്നില്ലെന്നും സിന്‍ഹ ആരോപിക്കുന്നുണ്ട്. രാജ്യത്ത് പലയിടങ്ങളില്‍ നിന്നും സമാനമായ രീതിയില്‍ പരാതികളുയരുകയാണ്. 54000 പേരാണ് ഇതുവരെ ബീഹാറില്‍ കൊവിഡ് ബാധിതരായിരിക്കുന്നത്.