സർക്കാർ ക്വാറന്‍റീൻ 7 ദിവസം മതി: പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡൽഹി: വിദേശത്ത് നിന്ന് രാജ്യത്തേക്ക് എത്തുന്നവർക്ക് സർക്കാർ ക്വാറന്‍റീൻ 7 ദിവസം മതിയെന്ന പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. എല്ലാവർക്കും ആരോഗ്യ സേതു നിർബന്ധമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.  ആദ്യ 7 ദിവസം സര്‍ക്കാര്‍ ക്വാറന്‍റീനും അടുത്ത 7 ദിവസം വീട്ടിൽ ക്വാറന്‍റീനുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗർഭിണികൾക്ക് 14 ദിവസം വീട്ടില്‍ ക്വാറൻറീൻ ഒരുക്കണം.

നേരത്തെ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 7 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്‍റീൻ മതിയെന്ന് കേരള സംസ്ഥാനം നിര്‍ദ്ദേശിച്ചിരുന്നു. സ‍ർക്കാർ കേന്ദ്രത്തിൽ ഏഴുദിവസവും അവരവരുടെ വീടുകളിൽ ഏഴുദിവസവും മതിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ നിലപാട്. എന്നാൽ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തിന്‍റെ ഈ നിലപാട് തള്ളിയ കേന്ദ്രം 14 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്‍റീൻ നിര്‍ബന്ധമാണെന്ന നിലപാടെടുക്കുകയായിരുന്നു.

Loading...

അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു. രോഗബാധ നിരക്കില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന ഒറ്റ ദിവസത്തിനിടെ രേഖപ്പെടുത്തി . ഇരുപത്തിനാല് മണിക്കൂറിനിടെ 147 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 3,867 ആയി. 6767 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,31,868 ആയി. രാജ്യത്ത് കൊവിഡ് സ്ഥിതി കൂടുതൽ തീവ്രമാകുമെന്ന ആശങ്കയാണ് ആരോഗ്യമന്ത്രാലയം ഉയർത്തുന്നത്. അടുത്ത രണ്ട് മാസം കൂടുതൽ ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രാലയം നിർദ്ദേശിച്ചു.