വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന് അധികാരത്തിലെത്തിയതുമുതല്‍ വിപ്ലവകരമായ തീരുമാനങ്ങള്‍ ആണ് കൈക്കൊള്ളുന്നത്. ട്രംപിന്റെ പല നയങ്ങളെയും തിരുത്തിക്കുറിക്കുന്ന നിലപാടുകളും ബൈഡന് എടുത്തിരുന്നു. ഇപ്പോഴിതാ ട്രംപിന് ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നിരുന്ന ട്രംപ് പരാജയപ്പെട്ട കൊവിഡ് നിയന്ത്രണനടപടികളിലും ജോ ബൈഡന് ശ്രദ്ധേയനാവുകയാണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളും കൊവിഡ് മരണങ്ങളും ഉള്ളത്. അതുകൊണ്ട് തന്നെ ബൈഡന് വീണ്ടും രാജ്യത്ത് ലോക്ഡൗണ്‍ കൊണ്ടുവരാനുള്ള നീക്കത്തിലാണുള്ളത്.
ബ്രിട്ടന്, ബ്രസീല്‍, അയര്‍ലന്‍ഡ്, യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള അമേരിക്കന്‍ പൗരന്മാരല്ലാത്തവര്ക്കു യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍നിന്നുള്ളവര്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് സൂചന.
കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദം അമേരിക്കയില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. മാസ്ക് ധരിക്കുന്നതു കര്‍ശനമായും പാലിക്കണമെന്ന് ജോ ബൈഡന് കഴിഞ്ഞയാഴ്ച തന്നെ നിര്‍ദേശിച്ചിരുന്നു. മറ്റു രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്ക് എത്തുന്നവര്‍ക്ക് ക്വാറന്റീനും നിര്‍ബന്ധമാക്കിയിട്ടുണ്ട്.