എറണാകുളത്ത് സമ്പര്‍ക്ക രോഗികള്‍ വര്‍ദ്ധിക്കുന്നു;ഉറവിടം അറിയാത്ത കേസുകളിലും വര്‍ദ്ധനവ്

എറണാകുളം: എറണാകുളത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ജില്ലയില്‍ ശനിയാഴ്ച സ്ഥിരീകരിച്ച 47 പോസിറ്റീവ് കേസുകളില്‍ 35 എണ്ണവും സമ്പര്‍ക്കം വഴിയാണ് രോഗബാധിതരായത്. അഞ്ച് രോഗികളുടെ ഉറവിടവും കണ്ടെത്താനായിട്ടില്ല. ഇന്നലെ മരിച്ച പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയും തയ്യാറാക്കി വരികയാണ്.എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ സമ്പര്‍ക്ക പട്ടിക വര്‍ദ്ധിക്കുന്നത് ആശങ്കയോടെയാണ് ജില്ലാ ഭരണകൂടം നോക്കിക്കാണുന്നത്. വെളളിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത 20 പോസിറ്റീവ് കേസുകളില്‍ 15 എണ്ണം സമ്പര്‍ക്കം വഴിയായപ്പോള്‍, ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത 47 കേസുകളില്‍ 35 എണ്ണവും സമ്പര്‍ക്ക പട്ടികയില്‍ നിന്നുമാണ്.

ആലുവ, ചെല്ലാനം മേഖലകളില്‍ സൂപ്പര്‍ സ്‌പ്രെഡിനുളള സാധ്യത തളളിക്കളയാനാകില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.ശനിയാഴ്ച ഹൃദയാഘാതം മൂലം മരിച്ച പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിയായ 79 കാരന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണ്. ആലുവയില്‍ കെഎസ്ഇബി ജീവനക്കാരനായ ഇയാളുടെ മകന്‍ കോവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു. മകനില്‍ നിന്നാകും ബാലകൃഷ്ണന് രോഗം ബാധിച്ചതെന്നാണ് പ്രാഥണിക നിഗമനം. ഇയാളെ ചികിത്സിച്ച സ്വകാര്യ ക്ലിനിക്കിലെയും കോലഞ്ചേരി മെഡിക്കല്‍ കോളേജിലെയും ആരോഗ്യപ്രവര്‍ത്തകരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ സാമ്പിള്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കും. ഇപ്പോള്‍ ജില്ലയില്‍ 274 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. വീടുകളിലും ആശുപത്രികളിലുമായി 12,852 പേര്‍ നിരീക്ഷണത്തിലുണ്ട്.

Loading...