കൊവിഡ് വ്യാപനം അവസാനിച്ചെന്ന് കരുതരുത്; സംസ്ഥാനങ്ങളോട് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ദില്ലി: രാജ്യത്ത് കൊവിഡ് അവസാനിച്ചുവെന്ന് കരുതരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. യോഗ്യരായ എല്ലാവർക്കും കൊവിഡ് ആദ്യ ഡോസ് നൽകുന്നത് പൂർത്തീകരിക്കണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. കാലാവധി പൂർത്തിയാക്കിയ 12 കോടി പേർ രണ്ടാം ഡോസ് എടുക്കാനുണ്ടെന്നും ഇക്കാര്യത്തിൽ ശ്രദ്ധ വേണമെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞത്. ജാതി – മതനേതാക്കൾ, വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകൾ ഉൾപ്പെടെയുള്ളവരുമായി സഹകരിച്ച് ജനങ്ങൾക്കിടയിൽ വാക്സീനേഷന് അവബോധം ഉണ്ടാകണം.

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും വാക്സിനേഷൻ സെൻററുകൾ ആരംഭിക്കാം. ഓട്ടോ ഡ്രൈവർമാർ, സൈക്കിൾ റിക്ഷക്കാർ, കച്ചവടക്കാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവർക്ക് പ്രത്യേകം വാക്സിനേഷൻ ആസൂത്രണം ചെയ്യാമെന്നും കേന്ദ്രആരോഗ്യമന്ത്രി അറിയിച്ചു. ജില്ലാതലത്തിൽ കൊവിഡുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്ക് കൊവിൻ പോർട്ടൽ ഉപയോഗിക്കണമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനം അവസാനിച്ചെന്ന് കരുതരുതെന്നും യോഗത്തിൽ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു. പല രാജ്യങ്ങളിലും കൊവിഡ് കേസുകൾ കൂടുന്നുണ്ട്. 80 ശതമാനം വാക്സിൻ നൽകിയിട്ടും സിങ്കപ്പൂർ,ബ്രിട്ടൻ, റഷ്യ, ചൈന എന്നിവിടങ്ങളിലെല്ലാം കേസുകൾ കൂടുകയാണെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

Loading...