ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിയന്ത്രിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളിലെ വ്യാപകമായുള്ള രോഗികളുടെ വര്‍ദ്ധവന് ചെറിയ ആശങ്കയ്ക്കും ഇടവരുത്തുന്നുണ്ട്. ഇപ്പോഴിതാ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ സുരക്ഷാജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഡല്‍ഹി എയിംസിന്റെ ടീച്ചിംഗ് ബ്ലോക്കിലെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിക്കാണഅ രോഗം ബാധിച്ചത്.
ഞായറാഴ്ചയാണ് ഇയാളില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് ഇയാളെ ക്വാറന്റൈന് ചെയ്യുകയും ഓഫീസ് അടയ്ക്കുകയും ചെയ്തു. അതേസമയം എയിംസിലുള്ള മന്ത്രിയുടെ ഓഫീസ് അണുവിമുക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ജീവനക്കാരോട് സ്വയം ക്വാറന്റൈനില്‍ പോകാനും നിര്‍ദേശിച്ചിട്ടുണ്ട്. മാത്രമല്ല ഇവിടെ ഉണ്ടായിരുന്ന മറ്റ് ജീവനക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല എയിംസിന്റെ ഡോ.ബി.ആര് അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റോട്ടറി ക്യാന്‍സര്‍ സെന്റര്‍ ആശുപത്രിയിലെ നഴ്സിനും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ഇതുവരെ 27,896 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തു വിട്ട കണക്കുകളാണിത്. അതേസമയം കഴിഞ്ഞ ദിവസം പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കണക്കുകള്‍ 1396 ആണ്. അതേസമയം മരണസംഖ്യ ഉയരുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ സംഖ്യ 876 ആയി. ഇതുവരെ രാജ്യത്ത് അസുഖം ഭേദമായവരുടെ എണ്ണം 6185 ആണ്.
രണ്ടാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് 6 സംസ്ഥാനങ്ങള്‍ അറിയിച്ചിരിക്കുന്നത്. കൊവിഡ് രൂക്ഷമായ ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍,പഞ്ചാബ്,മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് ഇക്കാര്യം ഉന്നയിച്ച് കേന്ദ്രത്തിനെ സമീപിച്ചിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. അതിന് ശേഷമായിരിക്കും രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടണമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.