സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൊവിഡ്, 1715 പേര്‍ രോഗമുക്തരായി, നാല് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1715 പേരാണ് രോഗമുക്തരായിട്ടുള്ളത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 4 മരണം.ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസില്‍ 92 ഉറവിടമറിയാത്ത കേസുകളാണ് ഉള്ളത്. 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്നും ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് 485 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 435 കേസുകളും സമ്പര്‍ക്കം മൂലമാണ്. ഇതില്‍ 33 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല.

കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുകയാണെന്നും ഒരേ സമയത്ത് വ്യത്യസ്തമായ ദുരന്തങ്ങളാണ് നമ്മള്‍ നേരിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജമലയിലെ ദുരന്തത്തില്‍ ആകെ മരണം 26 ആയി. ഇന്നലെ 15 മൃതദേഹങ്ങളും കണ്ടെത്തി. ഇന്ന് കണ്ടെത്തിയത് ആകെ 11 മൃതദേഹങ്ങളാണ്. ഇതില്‍ മുന്ന് പേകെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി. രാജ, വിജില, കുട്ടിരാജ്, മണികണ്ടന്‍, ദീപക്, ഷണ്‍മുഖ അയ്യര്‍, പ്രഭു എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അതേസമയത്ത് കരിപ്പൂരില്‍ മരിച്ചത് 18 പേരാണ്. എല്ലാവരുടെയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി.

Loading...

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശത്ത് നിന്ന് വന്നവരും 108 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്. 24 മണിക്കൂറിനിടെ 27,714 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെയാണ്. തിരുവനന്തപുരത്ത് 435, കോഴിക്കോട് 173, ആലപ്പുഴ 169, മലപ്പുറം 114, എറണാകുളം 101, കാസര്‍കോട് 71, തൃശൂര്‍ 64, ഇടുക്കി 41, പത്തനംതിട്ട 38, കോട്ടയം 15, വയനാട് 10 എന്നിങ്ങനെയാണ് ഇന്നത്തെ കൊവിഡ് കണക്കുകള്‍. അതേസമയം രാജമലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഒറ്റയടിക്ക് ഇല്ലാതായവരുടെ മൃതദേഹം ഒന്നിച്ചാണ് സംസ്‌കരിക്കുക എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം അടിയന്തര സഹായം നല്‍കുമെന്നും മുഖ്യമന്ത്രി.