രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു,ഇന്നലെ രോഗം ബാധിച്ചത് 92,000ത്തിലധികം പേര്‍ക്ക്

ദില്ലി: രാജ്യത്ത് കൊവിഡ് ആശങ്ക ഒഴിയുന്നില്ല. കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പത്തിയെട്ട് ലക്ഷം കവിഞ്ഞിരിക്കുകയാണ്.
ശരാശരി 90000ല്‍ അധികം പുതിയ രോഗികള്‍, 1000ലധികം മരണങ്ങള്‍, ഈ സ്ഥിതിക്ക് ഇന്നലെയും മാറ്റമുണ്ടായില്ല. 92,071 പേര്‍ക്കാണ് രാജ്യത്ത് ,പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1136 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 48,46,427 ആയി മാറി. ഇതില്‍ 9,86,598 പേരാണ് ചികിത്സയില്‍ ഉള്ളത്. 37, 80, 107 പേര്‍ക്ക് രോഗം ഭേദമായി. ആകെ മരണ സംഖ്യ 80,000ത്തിന് അടുത്തെത്തി. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 79722 പേരാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഈ സ്ഥിതി തുടര്‍ന്നാല്‍ ഈ മാസം അവസാനിക്കുമ്പോള്‍ മരണ സംഖ്യ ഒരു ലക്ഷം പിന്നിടാനാണ് സാധ്യത. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള അഞ്ചു സംസ്ഥാനങ്ങളിലും കേസുകളില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ 22,543 പോസിറ്റീവ്‌കേ സുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്ര 9536, കര്‍ണാടക 9894, തമിഴ്‌നാട് 5693, ഉത്തര്‍ പ്രദേശ് 6239, എന്നിങ്ങനെയാണ് പ്രധാന സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം. ദില്ലിയില്‍ ഇന്നലെയും നാലായിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം 2021ന്റെ ആദ്യ പാദത്തോടെ കൊവിഡ് വാക്സിന്‍ പുറത്തിറക്കാന്‍ ആകുമെന്ന് കരുതുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കി.

Loading...

പ്രായം ചെന്നവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നീ ഹൈ റിസ്‌ക് ഗണത്തില്‍ പെടുന്നവര്‍ക്ക് കൊവിഡ് വാക്സിന്‍ വേഗം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തില്‍ പരീക്ഷണ കാലയളവ് പൂര്‍ത്തിയാകുന്നതിന് തൊട്ട് മുന്‍പ് മരുന്നുകള്‍ നല്‍കാനാകുമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കുകയാണ്. പാര്‍ശ്വ ഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കി അടിയന്തര അനുമതി നല്‍കിയാകും വാക്സിന്‍ ഈ വിഭാഗക്കാര്‍ക്ക് നല്‍കുക. അവസാന ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാന്‍ 9 മാസം വരെ എടുക്കുന്ന പശ്ചാത്തലത്തിലാണ് ഈ സാധ്യത ആരായുന്നത്.