നേരിയ ആശ്വാസം; രാജ്യത്ത് കൊവിഡ് രോ​ഗികൾ കുത്തനെ കുറയുന്നു

ന്യൂഡൽഹി: രാജ്യത്തിന് ആശ്വാസമായി കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ ദിവസം മാത്രം 28,204 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 16ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം 373 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 41,511 പേരാണ് രോഗമുക്തി നേടിയത്.

ഇതോടെ ചികിത്സയിലുള്ള ആകെ രോ​ഗികളുടെ എണ്ണം 3,88,508 ആയി കുറഞ്ഞെന്നും രോഗമുക്തി നിരക്ക് 97.45 ശതമാനമായി ഉയർന്നെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 15,11,313 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ 48,32,78,545 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആർ അറിയിച്ചു.നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 13,000ത്തിന് മുകളിലായിരുന്നു. കേരളത്തിൽ 1,69,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 17,852 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

Loading...