രാജ്യത്ത്‌ 5784 പേർക്ക് കൂടി കൊവിഡ്; 571 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്

ദില്ലി: രാജ്യത്തിന് ആശ്വാസമായി കൊവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിൽ 5784 പേർക്ക് മാത്രമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 571 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വ്യാപന നിരക്കാണ് ഇതെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. അതേസമയം ഇന്ന് 252 മരണവും സ്ഥിരീകരിച്ചു. 7995 പേർ രോഗമുക്തി നേടി. അതേസമയം, രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം നാൽപതായി. മഹാരാഷ്ട്രയിൽ പുതുതായി രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. യുകെയിൽ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ രാജ്യത്ത് ജാഗ്രത കടുപ്പിക്കും. രോഗബാധിതരിൽ നിലവിൽ ആർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലന്നാണ് റിപ്പോർട്ട്.

അതേ സമയം അധിക ഡോസ് നൽകുന്നതിൽ ഇനിയും തീരുമാനമായിട്ടില്ല. വിദഗ്ധ സമിതി ചർച്ച തുടരുകയാണെന്നാണ് ആരോഗ്യമന്ത്രാലയം ആവർത്തിക്കുന്നത്.നേരത്തെ തന്നെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളുള്ള കേരളം (Kerala) ഉൾപ്പടെ 10 സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിരുന്നു. പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്. രാത്രികാല കർഫ്യൂ, വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾക്ക് നിയന്ത്രണം, തുടങ്ങിയ നടപടികൾ സ്വീകരിക്കാനാണ് കേന്ദ്രത്തിൻ്റെ നിർദേശം.

Loading...