രാജ്യത്ത് ഇതുവരെ കൊവിഡ് മുക്തരായത് 86 ലക്ഷത്തിലധികം പേര്‍, ആകെ കേസുകള്‍ 92 ലക്ഷത്തിനടുത്ത്

ദില്ലി: കൊവിഡ് കണക്കുകളില്‍ ആശ്വാസകരമായ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇതുവരെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 86 ലക്ഷം കടന്നിരിക്കുകയാണ്.ഇന്നലെ രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍ ഉണ്ടായ ദിവസമാണ്. 42,314 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 37,975 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 93.76 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആകെ കേസുകള്‍ 92 ലക്ഷത്തിനടുത്തെത്തിയിരിക്കുകയാണ്.അതേസമയം 4,38,667 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇന്നലെ 480 പേര്‍ മരിച്ചു. ആകെ മരണം 1,34,218 ആയി ഉയര്‍ന്നു. പതിനൊന്ന് ലക്ഷത്തിനടുത്ത് സാംപിളുകളാണ് ഇന്നലെ പരിശോധിച്ചത് പോസിറ്റിവിറ്റി നിരക്ക് 3.45 ശതമാനം മാത്രമാണ്.

അതേസമയം ജനുവരിയോടെയോ ഫെബ്രുവരിയോടെയോ തന്നെ രാജ്യത്ത് വാക്സിൻ പരീക്ഷണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അസ്ട്രാസനേക്കയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊറോണ വാക്സിന്‍ 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് ലണ്ടനിലെ ഓക്സ്ഫഡ് സര്‍വ്വകലാശാല ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനുവരിയോടെ പുറത്തിറക്കാനാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

Loading...

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും. 8 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചേര്‍ന്നാണ് സ്ഥിതഗതികള്‍ വിലയിരുത്തുക. ഇന്ന് രാവിലെ 10 മണിയ്ക്കാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം ചേരുക. യോഗത്തില്‍ കൊറോണ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചചെയ്യും.വാക്‌സിന്‍ ലഭ്യമായാല്‍ ഉടന്‍ ആളുകളിലേക്ക് എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാകും പ്രധാനമന്ത്രി സംസ്ഥാനങ്ങളുമായി പ്രധാനമായും ചര്‍ച്ച ചെയ്യുക. നിലവില്‍ അഞ്ച് വാക്‌സിനുകളുടെ പരീക്ഷണങ്ങളാണ് രാജ്യത്ത് പുരോഗമിക്കുന്നത്. രാജ്യത്തെ കൊറോണ സ്ഥിതിഗതികളും പ്രധാനമന്ത്രി വിലയിരുത്തും.