ഇന്ത്യയ്ക്ക് ആശ്വാസം; പ്രതിദിന കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്, ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 36,469 കേസുകള്‍ മാത്രം

ദില്ലി: രാജ്യത്തിന് നേരിയ ആശ്വാസം. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 36,469 കേസുകള്‍ മാത്രം. 6.25 ലക്ഷത്തോളം രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. മാര്‍ച്ച് 22ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് രാജ്യത്ത് ഇപ്പോഴുള്ളത്. 488 മരണങ്ങളും 63,842 രോഗമുക്തിയും സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 72 ലക്ഷം കവിഞ്ഞു. കൊവിഡ് വ്യാപനം കുറയുന്നുവെന്ന് സൂചിപ്പിക്കുന്ന ആശ്വാസകരമായ കണക്കുകളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലം പുറത്തുവിട്ടിരിക്കുന്നത്. ജൂലൈ 17ന് ശേഷം ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്നലെയാണ്. പ്രതിദിന കേസുകള്‍ 40,000ല്‍ താഴെ.

ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 36,469 കേസുകള്‍ മാത്രം. ഞായറാഴ്ച കൊവിഡ് പരിശോധന കുറഞ്ഞതും കേസുകളുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ടാവുമെങ്കിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നുണ്ട്. കഴിഞ്ഞ ആഴ്ച ആകെ പോസിറ്റിവിറ്റി നിരക്ക് 8% ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 7.6 ആയി കുറഞ്ഞു. ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 79,46, 429 പേര്‍ക്കാണ്. ഇതില്‍ 72 ലക്ഷത്തിലേറെ പേരും രോഗമുക്തി നേടി. 6,25,857 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നിരക്ക് 90.62 ശതമാനവും ആക്റ്റീവ് കേസുകള്‍ 7.88 ശതമാനവുമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി 500ല്‍ താഴെ മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 488 മരണങ്ങള്‍ സ്ഥിരീകരിച്ചു.

Loading...

ഇതോടെ ആകെ മരണ സംഖ്യ 1,19,502 ആയി. കൊവിഡ് മരണ നിരക്കില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങള്‍ വരെ 1.51% ആയിരുന്നു മരണ നിരക്ക്. ഇപ്പോള്‍ ഇത് 1.50 ആയി മാറി. മാര്‍ച്ച് 22ന് ശേഷം ഇത്ര കുറഞ്ഞ മരണ നിരക്ക് ഇത് ആദ്യം. 14 സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ മരണ നിരക്ക് ഒരു ശതമാനത്തിലും കുറവാണ്. മഹാരാഷ്ട്രയില്‍ 3,645 കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തുള്ളൂ. 9,905 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കര്‍ണാടകയില്‍ 3,130 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രോഗമുക്തി നേടിയത് 8,715 പേരാണ്. ആന്ധ്രയില്‍ 1901 കേസുകള്‍ മാത്രമാണ് ഇന്നലെ സ്ഥിരീകരിച്ചത്. നിര്‍ബന്ധമായും മാസ്‌കുകള്‍ ധരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതിനായി ബില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.