രാജ്യത്ത് രോഗികള്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക്;ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നത് ആറായിരത്തിലേറെ രോഗികള്‍

ദില്ലി: രാജ്യത്ത് കൊവിഡ് മരണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. മരണം നാലായിരത്തോട് അടുക്കുകയാണ്. തുടര്‍ച്ചയായി രണ്ടാം ദിനവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ആറായിരത്തിലധികം കേസുകളാണ്. നാലുദിവസം കൊണ്ട് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 24,000 ത്തിലധികം രോഗികളാണ്. 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 148 മരണമാണ്.

വെള്ളിയാഴ്ച മഹാരാഷ്ട്രയിൽ മാത്രം രോ​ഗികള്‍ മൂവായിരത്തിലേറെ. 63 പേർ മരിച്ചു. ആകെ മരണം 1500 കടന്നു. ഡൽഹിയിൽ 14 മരണം, 660 രോ​ഗികള്‍. ഗുജറാത്തിൽ 29 മരണം,363 രോ​ഗികള്‍.തമിഴ്‌നാട്ടിൽ 786 പുതിയ രോ​ഗികള്‍. എന്നാല്‍, രോഗികളുടെ എണ്ണത്തിൽ കുതിച്ചുചാട്ടമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. 13.3 ദിവസം കൊണ്ടാണ് നിലവിൽ രോ​ഗികളുടെ എണ്ണം ഇരട്ടിക്കുന്നത്. അടച്ചിടലിന്‌ മുമ്പ്‌ ഇത് 3.4 ദിവസത്തിലായിരുന്നു. മരണനിരക്ക് 3.02 ശതമാനമായി. രോഗമുക്തി നിരക്ക് 41 ശതമാനമായി.

Loading...

അതേസമയം ഡല്‍ഹി സര്‍ക്കാര്‍ കൊവിഡ് കണക്ക് നല്‍കുന്നതില്‍ പിശക്. 194 മരണമാണ് വ്യാഴാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്തത് എന്നാണ് സര്‍ക്കാര്‍ കണക്കില്‍ വ്യക്തമാക്കുന്നത്.എന്നാല്‍, മെയ്‌ 16വരെ 426 കോവിഡ്‌ രോഗികളുടെ മൃതദേഹം സംസ്കരിച്ചെന്നാണ് വിവിധ മുനിസിപ്പൽ കോർപറേഷനില്‍നിന്നുള്ള കണക്ക്. കോവിഡ്‌ മരണങ്ങൾ കൃത്യമായി സർക്കാർ കണക്കിൽ ഉൾപ്പെടുന്നില്ലെന്ന്‌ ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി.

വടക്കൻ ഡൽഹി കോർപറേഷനിലെ ശ്‌മശാനങ്ങളിൽ കോവിഡ്‌ സ്ഥിരീകരിച്ച 202 മൃതദേഹം സംസ്‌കരിച്ചു. തെക്കൻ ഡൽഹി കോർപറേഷനിലെ ശ്‌മശാനങ്ങളില്‍ കോവിഡ്‌ സ്ഥിരീകരിച്ച 224 മൃതദേഹവും രോ​ഗം‌ സംശയിക്കുന്നവരുടെ 83 മൃതദേഹവും സംസ്‌കരിച്ചു. എന്നാല്‍, മുനിസിപ്പൽ കോർപറേഷനുകളുടെ കണക്കുകൾ ഡല്‍ഹി സർക്കാർ തള്ളി.