ദില്ലി: ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ദിനംപ്രതി ഇന്ത്യയുടെ ആശങ്ക വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ത്യയില്‍ ആറായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 6535 പുതിയ കേസുകളാണ്. ഇതോടെ ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 1,45,380 ആയി ഉയര്‍ന്നിരിക്കുകയാണ്. മരണസംഖ്യ 4167 ആവുകയും ചെയ്തു.
24 മണിക്കൂറില്‍ 146 പേര് മരിക്കുകയും ചെയ്തു. അതേസമയം മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ദില്ലിയിലും ഗുജറാത്തിലും സ്ഥിതി ഗുരതരമായി തുടരുകയാണ്. ദില്ലിയില്‍ 24 മണിക്കൂറില്‍ 635 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ദില്ലിയില്‍ രോഗബാധിതരുടെ എണ്ണം 14,503 ആയിരിക്കുകയാണ്. അതോടൊപ്പം ഏറ്റവും സ്ഥിതി രൂക്ഷമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസില്‍ ഏതാണ്ട് പകുതിയും സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. അതേസമയം നാലാംഘട്ട ലോക്ക്ഡൗണ്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെ സ്ഥിതി വിലയിരുത്തുന്നതിന് കേന്ദ്രമന്ത്രിതല സമിതി യോഗം ഇന്ന് ചേരും. ഇനി അഞ്ചാം ഘട്ട ലോക്ക്ഡൗണ്‍ തുടരേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വെള്ളിയാഴ്ച തീരുമാനം വന്നേക്കും.