ദില്ലി: രാജ്യത്തിന്റെ ആശങ്ക വര്‍ദ്ധിക്കുകയാണ്. കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുക്കുകയാണ്. അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8392 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് 24 മണിക്കൂറില്‍ രോഗികളുടെ എണ്ണം 8000 ത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,90,535 ആയിരിക്കുകയാണ്. 5394 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.
അതേസമയം കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 62,63,901 ആയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3200 ആയി. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 3,73,899 പേരാണ്.അമേരിക്കയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 18.37 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1.06 ലക്ഷം പേര് മരിച്ചു. ബ്രസീല്‍ രണ്ടാംസ്ഥാനത്താണ് ഉള്ളത്. ബ്രസീലില്‍ ഇതുവരെ 5.14 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 29,341 പേര് മരിക്കുകയും ചെയ്തു.
റഷ്യയില്‍ കൊവിഡ് ബാധിതര്‍ നാല് ലക്ഷം കടന്നു. 4,693 പേരാണ് ഇതുവരെ മരിച്ചത്. സ്പെയ്നില്‍ 286,509 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 27,127 പേര് കൊവിഡ് ബാധിച്ച് മരിച്ചു. ബ്രിട്ടണില്‍ ഇതുവരെ 38,489 പേരാണ് മരിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പല രാജ്യങ്ങളും പിന്‍വലിച്ചു തുടങ്ങി. ഇന്ത്യയിലും ലോക്ക്ഡൗണില്‍ ഇളവ് നല്കി. തിങ്കളാഴ്ച മുതല്‍ ട്രെയിനുകള്‍ ഭാഗികമായി ഓടി തുടങ്ങി. ജൂണ്‍ എട്ടുമുതല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. അതേസമയം ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഇളവ് നല്‍കിയതോടെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി.