ലോകത്ത് കൊവിഡ് ബാധിതര്‍ ഒരു കോടി കവിഞ്ഞു;മരണം അഞ്ചുലക്ഷത്തിലേറെ

ലോകത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടിരിക്കുകയാണ്. മരണസഖ്യയും ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ മരണം അഞ്ചുലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലേറെപ്പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയിലാണ് 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം അമേരിക്കയിലെ സ്ഥിതി അതീവഗുരുതരമായി തുടരുന്നു. അമേരിക്കയ്‌ക്കൊപ്പം തന്നെ ബ്രസീലിലും റഷ്യയിലും ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ലോകത്താകെ ആശങ്കയേറ്റി കൊവിഡ് പടരുകയാണ്. മെയ് അവസാനത്തോടെ രോഗവ്യാപനം കുറഞ്ഞു തുടങ്ങിയിരുന്നെങ്കിലും ഒരു മാസത്തിനിപ്പുറം കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മുന്നേറുകയാണ് കൊവിഡ് ബാധിതര്‍. രോഗബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട കഴിഞ്ഞ രണ്ടുദിവസത്തെ സ്ഥിതി ലോകമെങ്ങും തുടരുകയാണ്. 24 മണിക്കൂറിനിടെ, രോഗബാധിതരായത് ഒന്നര ലക്ഷത്തിലേറെ പേരാണ്.യുഎസില്‍ ആകെ രോഗബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. ബ്രസീലില്‍ 13 ലക്ഷത്തിലേറെയായി രോഗബാധിതര്‍. റഷ്യയില്‍ ആറേകാല്‍ ലക്ഷം പിന്നിട്ടു.

Loading...

ഇന്ത്യയില്‍ 5 ലക്ഷവും. ലോകത്താകെ 4,461 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ആകെ മരണം 5 ലക്ഷം കവിഞ്ഞു.
അമേരിക്കയില്‍ ഒന്നേകാല്‍ ലക്ഷത്തിലേറെ പേരും ബ്രസീലില്‍ അര ലക്ഷത്തിലേറെ പേരും ഇതിനോടകം മരിച്ചു. അരക്കോടിയിലേറെ പേരാണ് ലോകത്ത് ഇതിനോടകം കൊവിഡില്‍ നിന്ന് രോഗമുക്തരായത്. ചൈനയിലെ വുഹാനില്‍ 2019 ഡിസംബര്‍ 31 ന് റിപ്പോര്‍ട്ട് ചെയ്ത രോഗം 6 മാസം കൊണ്ടാണ് ഒരു കോടി പിന്നിടുന്നത്.