രാജ്യത്ത് ആശങ്ക വര്‍ദ്ധിക്കുന്നു;24 മണിക്കൂറിനിടെ കാല്‍ ലക്ഷം രോഗബാധിതര്‍

ദില്ലി: ഇന്ത്യയുടെ സ്ഥിതി ദയനീയമായി തുടരുന്നു. പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ആണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 24,850 പേര്‍ക്കാണ്.പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്ന ഏറ്റവും വലിയ വര്‍ദ്ധനവാണ് ഇത്.വന്‍വര്‍ധന വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇതുവരെ 19,268 പേര്‍ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിക്കുകയും ചെയ്തു. അതേസമയം കൊവിഡ് മുക്തി നേടിയവരുടെ എണ്ണവും രാജ്യത്ത് വര്‍ദ്ധിച്ചു.

നാല് ലക്ഷം കടന്നിരിക്കുകയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. നിലവില്‍ 2,44,814 പേരാണ് ഇന്ത്യയില്‍ കൊവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. 60.77 ശതമാനം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇതുവരെ 6,73,165 കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം രാജ്യത്ത് കൊവിഡ് ഗുരുതരമായി ബാധിച്ച മെട്രോ നഗരങ്ങളിലൊന്നായ ദില്ലിയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വരുന്നത് അല്‍പം ആശ്വാസം പകരുന്നുണ്ട്. ഒരു ഘട്ടത്തില്‍ നാല്‍പ്പത് ശതമാനത്തിനും താഴെ പോയ ദില്ലിയിലെ കൊവിഡ് രോഗമുക്തി നിരക്ക് ഇപ്പോള്‍ അറുപത് ശതമാനമായി ഉയര്‍ന്നു.

Loading...