രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു;24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 24,879 പേര്‍ക്ക്

ദില്ലി: രാജ്യത്തിന്റെ ആശങ്ക വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദിനംപ്രതി കൂടുതല്‍ കൂടുതല്‍ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശങ്കയുടെ കണക്കുകളാണ് ഓരോ സംസ്ഥാനങ്ങളില്‍ നിന്നും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,879 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,67,296 ആയി ഉയര്‍ന്നിരിക്കുകയാണ്. അതേസമയം തന്നെ 24 മണിക്കൂറിനിടെ 487 പേരാണ് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. നിലവില്‍ 2,69,789 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

അതേസമയം തന്നെ രോഗമുക്തി നിരക്ക് ഉയരുന്നുവെന്ന് തന്നെയാണ് കേന്ദ്രം ലഭ്യമാക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഇപ്പോള്‍ 62.08 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇത് വരെ 4,76,378 പേര്‍ കൊവിഡ് മുക്തരായിരിക്കുകയാണ്. മഹാരാഷ്ട്രയിലെയും ദില്ലിയിലെയും തമിഴ്‌നാട്ടിലെയും സ്ഥിതി ഗുരുതരമാണ്. മഹാരാഷ്ട്രയില്‍ തന്നെയാണ് എറ്റവും കൂടുതല്‍ രോഗികള്‍ ഇപ്പോഴുള്ളത്. 2,23,724 പേര്‍ക്കാണ് ഇത് വരെ മഹാരാഷ്ട്രയില്‍ മാത്രം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.അതേസമയം തന്നെ 9,448 പേരാണ് മഹാരാഷട്രയില്‍ മാത്രം ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

Loading...