രാജ്യത്ത് രണ്ട് ദിവസത്തിനുള്ളില്‍ അരലക്ഷം രോഗികള്‍, സ്ഥിതി അതീവഗുരുതരം

ദില്ലി: രാജ്യത്തിന്റെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് അരലക്ഷത്തിലധികം രോഗികളാണ്. ദിനംപ്രതിയുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണിത്. അതേസമയം നടൻ അഭിതാഭ് ബച്ചൻ, മകൻ അഭിഷേക് ബച്ചൻ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചത് ഞെട്ടലോടെയാണ് ബോളിവുഡ് കേട്ടത്. മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമേയുള്ളുവെന്ന് ഡോക്ടർമാർ അറിയിച്ചു. അഭിഷേക് ബച്ചന്റെ ഭാര്യ ഐശ്വര്യ റായി, മകൾ ആരാധ്യ, അഭിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചൻ എന്നിവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. ഏഴ് ദിവസത്തിനുള്ളിൽ അമിതാഭ് ബച്ചന്റെ വസതി സന്ദർശിച്ചവരെയും പരിശോധനകൾക്ക് വിധേയമാക്കും.

ഷാരൂഖാൻ അടക്കമുള്ളവർ ബച്ചൻ കുടുംബം വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ബോളിവുഡിലെ മറ്റൊരു മുതിർന്ന നടി രേഖയുടെ വസതിയിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചതായി വാർത്തയുണ്ട്. ഇതേ തുടർന്ന് നടി സ്വയം ക്വാറിന്റയിനിൽ പോയി. മഹാരാഷ്ട്ര രാജ്ഭവനിലെ ജീവനകാരിൽ നടത്തിയ റാപിഡ് പരിശോധനയിൽ 18 പേർക്ക് കോവിഡ് കണ്ടെത്തി. ഗവർണ്ണർ ഭഗത്സിങ് കൊശരിയെ നിരീക്ഷണത്തിലാക്കി. അതെ സമയം രാജ്യത്ത് ആശങ്കകൾ വർധിപ്പിച്ചു അതി വേഗം കോവിഡ് പടരുന്നു.

Loading...

ഒറ്റദിവസത്തിനുളിൽ 28, 637 പേരിൽ കോവിഡ് കണ്ടെത്തി. റെക്കോർഡ് വര്ധനവാണിത്. ആകെ രോഗികളുടെ എണ്ണം 8, 49, 553 ആയി. രണ്ട് ദിവസത്തിനുള്ളിൽ അര ലക്ഷം പേരിലേക്ക് രോഗം പടർന്നു. 551 പേർ ഇന്നലെ മാത്രം മരിച്ചു. 22, 674 പേർ ഇത് വരെ കോവിഡ് മൂലം മരിച്ചു. ലോകത്ത് ദിനംപ്രതിയുള്ള രോഗികളിൽ 12 ശതമാനം ഇന്ത്യയിൽ നിന്നാണ്. രോഗം അതിവേഗം വ്യാപിക്കുന്ന കർണാടകയിൽ നേരിയ ലക്ഷണങ്ങൾമാത്രമുള്ള കോവിഡ് രോഗികളെ വീട്ടിൽ തന്നെ ചികിൽസിപ്പിക്കും. ഇതിനായി കർണാടക സർക്കാർ പുതിയ മാർഗനിർദേശം പുറത്തു ഇറക്കി. ബാഗ്ലൂരിൽ പതിനാലാം തിയതി മുതൽ പത്തു ദിവസത്തേയ്ക്ക് കർശന ലോക്ക് ഡൗൺ നടപ്പിലാക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.