ഇന്ത്യയിലെ കൊവിഡ് വ്യാപനം അതിതീവ്രം, ആദ്യമായി പ്രതിദിന വര്‍ദ്ധനവ് അറുപതിനായിരം കടന്നു

ദില്ലി: രാജ്യത്ത് അതി തീവ്രതയിലേയ്ക്ക് കടന്നു കോവിഡ് മഹാമാരി. പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി അറുപതിനായിരം കടന്നു. ആകെ രോഗബാധിതര്‍ 2027075 ആയി. മൂന്നാഴ്ചയ്ക്കുളിലാണ് പത്തു ലക്ഷം രോഗികള്‍ വര്‍ധിച്ചത്. 41585 പേര്‍ ഇത് വരെ മരിച്ചു. 82 ശതമാനം രോഗികളും 10 സംസ്ഥാനങ്ങളില്‍ നിന്നാണ് എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. പത്തു ലക്ഷം പേരിലേക്ക് രോഗം പടരാന്‍ 6 മാസം. പത്തില്‍ നിന്നും 20 ലക്ഷമാകാന്‍ 3 ആഴ്ച്ച മാത്രം.ഇനിയുള്ള രണ്ടാഴ്ച കൊണ്ട് അടുത്ത പത്തു ലക്ഷം പേരിലേക്ക് രോഗം പടരാം. ഇന്ത്യയിലെ കോവിഡ് വ്യാപനം അതി തീവ്രതയിലേയ്ക്കാണ് കടക്കുന്നത്.

അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ 20 ലക്ഷം രോഗികള്‍ ഉള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയ ഏറ്റവും പുതിയ കണക്ക് പ്രകാരം ആകെ രോഗബാധിതര്‍ 20, 27, 075 ആയി. ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം അറുപതിനായിരം കടന്നു 62, 538 ആയി. കഴിഞ്ഞ് ഒരാഴ്ച്ച അമ്പതിനായിരത്തിനും അറുപത്തിനായിരത്തിനും ഇടയിലായിരുന്നു രോഗ ബാധിതരുടെ ശരാശരി പ്രതിദിന നിരക്ക്. ഇനി മുതല്‍ അറുപതിനായിരത്തിന് മുകളിലായിരിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടികാട്ടുന്നു. വ്യാഴാഴ്ച 886 പേര്‍ മരിച്ചു.അതില്‍ 316 മരണം മഹാരാഷ്ട്രയില്‍ നിന്നാണ്. മഹാരാഷ്ട്ര കൂടാതെ ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടക, ബീഹാര്‍, തമിഴ്‌നാട് തുടങ്ങി 10 സംസ്ഥാനങ്ങളിലാണ് രോഗ ബാധിതരുടെ 82 ശതമാനവും ഉള്ളത്. അതേ സമയം ഐ. സി. എം. ആര്‍ നടത്തുന്ന റാപിഡ് പരിശോധന പ്രതിദിനം 6 ലക്ഷം പേരിലേയ്ക്ക് കടന്നു.

Loading...