കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ; സംസ്ഥാനം പൂർണ സജ്ജമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം; കൗമാരക്കാർക്ക് കൊവിഡ് വാക്സിൻ നൽകാൻ സംസ്ഥാനം സജ്ജമാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കേരളം നേരത്തെ തന്നെ കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും ആരോ​ഗ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന മാർഗ നിർദേശമനുസരിച്ച് കുട്ടികളുടെ വാക്‌സിനേഷന് എല്ലാ ക്രമീകരണവും നടത്തുന്നതാണ്. എല്ലാ കുട്ടികൾക്കും സുരക്ഷിതമായി വാക്‌സിൻ നൽകാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് ജനനത്തീയതി അനുസരിച്ച് 18 വയസ് തുടങ്ങുന്നത് മുതൽ വാക്‌സിൻ നൽകിയിട്ടുണ്ട്. അതനുസരിച്ച് 15, 16, 17 വയസുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകിയാൽ മതിയാകും. ഈ പ്രായപരിധിയിൽ 15 ലക്ഷത്തോളം കുട്ടികളാണുള്ളത്. കുട്ടികളായതിനാൽ അവരുടെ ആരോഗ്യനില കൂടി ഉറപ്പ് വരുത്തും. ഒമിക്രോൺ പശ്ചത്തലത്തിൽ കുട്ടികളുടെ വാക്‌സിനേഷൻ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ 18 വയസിന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ അന്തിമ ഘട്ടത്തിലാണ്. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 97.58 ശതമാനം പേർക്ക് (2,60,63,883) ആദ്യ ഡോസ് വാക്‌സിനും 76.67 ശതമാനം പേർക്ക് (2,04,77,049) രണ്ടാം ഡോസ് വാക്‌സിനും നൽകി. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,65,40,932 ഡോസ് വാക്‌സിനാണ് നൽകിയത്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്‌സിനേഷൻ 89.10 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷൻ 61.51 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.

Loading...

കുട്ടികളുടെ വാക്‌സിനേഷൻ ജനുവരി മൂന്നിന് ആരംഭിക്കുന്നതിനാൽ 18 വയസിന് മുകളിൽ വാക്‌സിനെടുക്കാൻ ബാക്കിയുള്ളവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കേണ്ടതാണ്. ആദ്യ ഡോസ് വാക്‌സിൻ എടുക്കാനുള്ളവരും രണ്ടാം ഡോസ് എടുക്കാൻ സമയം കഴിഞ്ഞവരും ഈ ആഴ്ച തന്നെ വാക്‌സിൻ സ്വീകരിക്കേണ്ടതാണ്. സംസ്ഥാനത്ത് 26 ലക്ഷത്തോളം ഡോസ് വാക്‌സിൻ സ്റ്റോക്കുണ്ട്. ജനുവരി രണ്ട് കഴിഞ്ഞാൽ കുട്ടികളുടെ വാക്‌സിനേഷനായിരിക്കും പ്രാധാന്യം നൽകുക. ഒമിക്രോൺ പശ്ചാത്തലത്തിൽ എല്ലാവരും വാക്‌സിൻ എടുത്തെന്ന് ഉറപ്പാക്കണം