ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ഉടന്‍ ആരംഭിക്കും

ന്യൂഡല്‍ഹി: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്‌സിന്‍ വിതരണം ഉടൻ ആരംഭിക്കും. ആദ്യഘട്ടത്തില്‍ വാക്സിൻ ലഭ്യമാക്കുക ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക്.സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം വാക്‌സിന്‍ നല്‍കാനാണ് ആരോഗ്യമന്ത്രാലയം തയ്യാറാക്കിയിരിക്കുന്ന പദ്ധതി.ഡല്‍ഹിയില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ പദ്ധതി വിശദീകരിച്ചത്.ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുളളവര്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും.

പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്നണിപ്പോരാളികളായ പോലീസ്, സുരക്ഷാസേനാംഗങ്ങള്‍, മുന്‍സിപ്പല്‍ ജീവനക്കാര്‍ തുടങ്ങി രണ്ട് കോടിയോളം ആളുകള്‍ക്ക് രണ്ടാം ഘട്ടത്തിലും വാക്‌സിന്‍ നല്‍കുമെന്ന് രാജേഷ് ഭൂഷണ്‍ വിശദീകരിച്ചു.വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ ഉള്‍പ്പെടെയുളളവര്‍ യോഗത്തില്‍ പങ്കെടുത്തു. അഞ്ച് അംഗങ്ങളോ അതില്‍ കൂടുതലോ പാര്‍ലമെന്റില്‍ പ്രാതിനിധ്യമുളള നേതാക്കള്‍ യോഗത്തില്‍ സംസാരിച്ചു. ഗുലാം നബി ആസാദാണ് യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സംസാരിച്ചത്. കൊറോണ വ്യാപനത്തിന് ശേഷം വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിക്കുന്ന രണ്ടാമത്തെ സര്‍വ്വകക്ഷിയോഗമാണ് ഇത്. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Loading...