ചരിത്രം കുറിച്ച് കേരളം; സംസ്ഥാനത്ത് ഇന്ന് മാത്രം വാക്സിൻ നൽകിയത് 3.44 ലക്ഷം പേർക്ക്

തിരുവനന്തപുരം: വാക്സിൻ വിതരണത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ ഒരു പിടി മുന്നിലാണ്. സംസ്ഥാനത്ത് ഇന്ന് മാത്രം 3,43,749 പേർക്ക് വാക്‌സിൻ നൽകിയതായാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേർക്ക് വാക്‌സിൻ നൽകുന്നത്. സംസ്ഥാനത്തെ വാക്‌സിനേഷൻ വർധിപ്പിക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കി വരികയായിരുന്നു. രണ്ട് ലക്ഷം മുതൽ രണ്ടര വരെ പ്രതിദിനം വാക്‌സിൻ നൽകാനാണ് സംസ്ഥാനം ലക്ഷ്യമിട്ടിരുന്നത്. ചില ദിവസങ്ങളിൽ ഈ ലക്ഷ്യവും പൂർത്തീകരിച്ചിട്ടുണ്ട്. പലപ്പോഴും വാക്‌സിന്റെ ലഭ്യത കുറവ് കാരണം കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങളും സ്ലോട്ടും അനുവദിക്കാൻ സാധിച്ചില്ല. എന്നാൽ രണ്ട് ദിവസങ്ങളിലായി 11 ലക്ഷത്തിലേറെ വാക്‌സിൻ വന്നതോടെ പരമാവധി പേർക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചു. അങ്ങനെയാണ് ഇന്ന് ഏറ്റവുമധികം പേർക്ക് വാക്‌സിൻ നൽകാൻ സാധിച്ചത്.

വരും ദിവസങ്ങളിൽ കൂടുതൽ വാക്‌സിൻ വന്നില്ലെങ്കിൽ വീണ്ടും ക്ഷാമം നേരിടാൻ സാധ്യതയുണ്ട്. വാക്‌സിനേഷൻ വർധിപ്പിക്കാൻ പ്രയത്‌നിച്ച എല്ലാ ആരോഗ്യ പ്രവർത്തകരേയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.ഇന്ന് 1504 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സർക്കാർ തലത്തിൽ 1,397 കേന്ദ്രങ്ങളും സ്വകാര്യതലത്തിൽ 107 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 46,041 പേർക്ക് വാക്‌സിൻ നൽകിയ തിരുവനന്തപുരം ജില്ലയാണ് മുമ്പിൽ. 39,434 പേർക്ക് വാക്‌സിൻ നൽകിയ എറണാകുളം ജില്ലയാണ് രണ്ടാമത്. എല്ലാ ജില്ലകളും 10,000 ലധികം പേർക്ക് വാക്‌സിൻ നൽകി എന്ന പ്രത്യേകതയുമുണ്ട്.സംസ്ഥാനത്ത് ദിവസവും 3 ലക്ഷം വാക്‌സിൻ വച്ച് നൽകാനായി ഒരു മാസത്തേക്ക് 90 ലക്ഷം വാക്‌സിനാണ് ആവശ്യം.

Loading...

അതിനാലാണ് കേന്ദ്ര സംഘം വന്നപ്പോൾ 90 ലക്ഷം വാക്‌സിൻ ആവശ്യപ്പെട്ടത്. ഇനിയും ഇതുപോലെ ഒരുമിച്ച് വാക്‌സിൻ വന്നാൽ പരമാവധി പേർക്ക് വാക്‌സിൻ നൽകാൻ സാധിക്കുന്നതാണ്.സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,70,43,551 പേർക്കാണ് വാക്‌സിൻ നൽകിയത്. അതിൽ 1,21,47,379 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 48,96,172 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ ലഭിച്ചിരുന്നു. അവരുടെ പങ്കാളിത്തവും ഉറപ്പ് വരുത്തിയിട്ടുണ്ട്.