കൊവിഡ്: വാക്‌സിനുകള്‍ സംയോജിപ്പിച്ചു പരീക്ഷണ൦ നടത്താൻ അനുമതി; നിര്‍ണായക നീക്കവുമായി ഇന്ത്യ

കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ വാക്‌സിനുകള്‍ സംയോജിപ്പിക്കുവാനുള്ള നിര്‍ണായക നീക്കവുമായി ഇന്ത്യ. കൊവിഷീല്‍ഡും കൊവാക്‌സിനും സംയോജിപ്പിച്ചാല്‍ ഫലപ്രാപ്തി കൂടുമോ എന്ന് പരിശോധിക്കും. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകള്‍ ഒരു വ്യക്തിക്ക് നല്‍കി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്നതാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. വാക്‌സിന്റെ സംയോജിത പരീക്ഷണത്തിന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിന് സമിതി അനുമതി നല്‍കി.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതിയാണ് വാക്സിനുകൾ സംയോജിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. വാക്‌സിന്‍ സംയോജിപ്പിക്കുന്നത് ഫലപ്രദമായെങ്കിലും അന്തിമ തീരുമാനമെടുക്കേണ്ടത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ആണ്. വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ നാല് ഘട്ട ട്രയല്‍ നടത്താനാണ് തീരുമാനം. മുന്നൂറോളം ആരോഗ്യ വൊളന്റിയര്‍മാരെ ഇതിനായി പ്രയോജനപ്പെടുത്തും.

Loading...

അതേസമയം കേരളത്തിലെ കൊവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘം ഇന്നെത്തും. കേരളത്തിലെ ഉയര്‍ന്നതോതിലുള്ള കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ആറംഗ വിദഗ്ധസംഘത്തെ നിയോഗിച്ചു. സംസ്ഥാനസര്‍ക്കാരിനെ കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സഹായിക്കുകയാണ് സംഘം ചെയ്യുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. രോഗവ്യാപനം കൂടുതലുള്ള ജില്ലകള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും.