കൊവിഷീൽഡിന്റെ രണ്ട് ഡോസുകൾക്കിടിയിലെ ഇടവേള കുറച്ചേക്കും; ആലോചന നടക്കുന്നതായി കേന്ദ്രം

ദില്ലി: ഇന്ത്യയിൽ പ്രധാനമായും ഉപയോ​ഗിക്കുന്ന കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കാൻ സാധ്യത. കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ഇക്കാര്യം ആലോചിക്കുന്നതായി അറിയിച്ചു. നിലവിൽ ഇപ്പോൾ 12 മുതൽ 16 ആഴ്ചകൾ വരെയാണ് കൊവിഷിൽഡ് വാക്സീൻ്റെ ഇടവേള. തുടക്കത്തിൽ ഇത് ആറ് ആഴ്ചയായിരുന്നു. പിന്നീട് കൂടിയ ഫലപ്രാപ്തി ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വാക്സീൻ ഇടവേള കൂട്ടിയത്.

അതേസമയം രാജ്യത്ത് മൂന്നാം ഡോസ് വാക്സിൻ നൽകാൻ നിലവിൽ വ്യവസ്ഥയിലെന്ന് ഇന്ന് കേരള ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. സൗദിയിലേക്ക് പോകാൻ കോവിഷീൽഡ് വാക്സീൻ മൂന്നാം ഡോസ് ആയി സ്വീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ പ്രവാസി നൽകിയ ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.ഇക്കാര്യത്തിൽ അനുമതിക്കായി ഹർജിക്കാരൻ കാത്തിരിക്കണമെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാം ഡോസിൻറെ കാര്യത്തിൽ പരീക്ഷണങ്ങൾ പൂർത്തിയാകാൻ മാസങ്ങൾ വേണ്ടി വരുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. അതേസമയം മൂന്നാം ഡോസ് വാക്സീൻ സ്വീകരിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ കോടതി വിഷമവൃത്തത്തിലാണെന്ന് ജസ്റ്റിസ് പി.ബി.സുരേഷ്കുമാർ വാക്കാൽ അഭിപ്രായപ്പെട്ടു.

Loading...