അതിര്‍ത്തി കടന്ന പശുവിന്‍റെ വധശിക്ഷ ബള്‍ഗേറിയ റദ്ദാക്കി: നടപടി സോഷ്യല്‍ മീഡിയ പ്രതിഷേധത്തെ തുടര്‍ന്ന്

സെര്‍ബിയയില്‍ നിന്നും നിയമംലംഘിച്ച് ബള്‍ഗേറിയയിലേക്ക് നുഴഞ്ഞ് കയറിയ പശുവിന് വിധിച്ച വധശിക്ഷ റദ്ദാക്കി. പെങ്ക എന്ന പശുവിനായിരുന്നു യൂറോപ്യന്‍ യൂണിയന്‍ രാജ്യമായ ബര്‍ഗേറിയ വധശിക്ഷ വിധിച്ചത്. എന്നാല്‍,സോഷ്യല്‍ മീഡിയയില്‍ ബള്‍ഗേറിയയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വധശിക്ഷ റദ്ദാക്കി.

‘സേവ് പെങ്ക’ എന്ന ഹാഷ്ടാഗിലാണ് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ തുടങ്ങിയത്. അഞ്ച് വയസ് പ്രായമുള്ള പശുവിനെ രക്ഷിക്കാന്‍ തുടങ്ങിയ ക്യാമ്പയിന്‍ യൂറോപ്യന്‍ കമ്മീഷന്റെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. രാജ്യത്താകമാനം പ്രതിഷേധം കത്തിപ്പടര്‍ന്നപ്പോഴാണ് രാജ്യം അനുകൂല നടപടിയെടുത്തത്.

കോപിലോവ്റ്റ്‌സി ഗ്രാമത്തില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പ് സെര്‍ബിയയിലേക്ക് പോയ പെങ്ക 15 ദിവസമാണ് അവിടെ കഴിഞ്ഞത്. പെങ്കക്ക് അത്യാവശ്യമായ യാത്രാരേഖകളില്ലെന്നും നിയമം ലംഘിച്ചാണ് നോണ്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യമായ സെര്‍ബിയയില്‍ നിന്നും യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയിലേക്ക് പോയതെന്നും കാണിച്ചാണ് പശുവിനെ വധശിക്ഷക്ക് വിധിച്ചത്. അതിര്‍ത്തി ലംഘനമാണിതെന്നാണ് ബള്‍ഗേറിയയുടെ വാദം.

നിലവില്‍ ബള്‍ഗേറിയയിലുള്ള പെങ്കയുടെ ആരോഗ്യസ്ഥിതി വിലയിരുത്താനായി നിരവധി പരിശോധനങ്ങള്‍ നടത്തിയതായും ഫലത്തില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ബള്‍ഗേറിയ സ്ഥിരീകരിച്ചു. ഈ ആഴ്ച അവസാനം പെങ്കയെ ഫാമിലേക്ക് മാറ്റുമെന്ന് ബള്‍ഗേറിയന്‍ ഫുഡ് സേഫ്റ്റി ഏജന്‍സി അറിയിച്ചു.

Top