പശുവിനെ ‘രാഷ്ട്രമാതാ’വാക്കാന്‍ മിസ്‌ഡ്കോള്‍ പ്രചരണവുമായി ഹൈന്ദവ സംഘടന

അലിഗഡ്‌: രാഷ്ട്രപിതാവായി മഹാത്മാ ഗാന്ധിയെ അംഗീകരിക്കാന്‍ മടിയുള്ളവര്‍ ഗോവധ നിരോധനത്തിന്‌ പിന്നാലെ പശുവിന്‌ ‘രാഷ്‌ട്ര മാതാവ്‌’ പദവി നല്‍കിയുള്ള ഹൈന്ദവ സംഘടന. ഹിന്ദു യുവവാഹിനി (എച്ച്‌വൈവി) യുടെ ഗൊരക്‌പൂര്‍ ശാഖയാണ്‌ ‘രാഷ്‌ട്രമാതാ’ എന്ന്‌ പേരിട്ടുള്ള മൊബൈല്‍ പ്രചരണവുമായി രംഗത്ത്‌ എത്തിയിട്ടുള്ളത്‌. ഗൊരഖ്‌പൂര്‍ എംപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ്‌ പ്രചരണം.

പശുവിനെ രാഷ്‌ട്രമാത എന്ന്‌ വിശേഷിപ്പിക്കുന്നതിനെ അനുകൂലിക്കുന്നെങ്കില്‍ 07533007511 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക്‌ മിസ്‌ഡ്കോള്‍ അടിക്കൂ എന്നാണ്‌ പ്രചരണം. മിസ്‌ഡ് കോള്‍ അടിക്കുമ്പോള്‍ നിങ്ങള്‍ പ്രചരണത്തില്‍ പങ്കാളിയായി എന്ന്‌ സൂചിപ്പിക്കുന്ന എസ്‌എംഎസ്‌ സന്ദേശം തിരിച്ചുകിട്ടും.

Loading...

പ്രചരണത്തെ വിശ്വഹിന്ദ്‌ പരിക്ഷത്‌ പോലെയുള്ള ഹിന്ദു സംഘടനകള്‍ സ്വാഗതം ചെയ്‌തിട്ടുണ്ട്‌. തല്‍ക്കാലം അലിഗഡില്‍ മാത്രം നടത്തുന്ന പ്രചരണത്തിന്‌ വിജയം ലഭിച്ചാല്‍ സംസ്‌ഥാന വ്യാപകമായും രാജ്യം മുഴുവനും പ്രചരിപ്പിക്കാനാണ്‌ ഒരുങ്ങുന്നത്‌.

ഹിന്ദുസമൂഹത്തില്‍ പശുക്കളുടെ സ്‌ഥാനം നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട അവബോധം ജനങ്ങളില്‍ സൃഷ്‌ടിക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ അലിഗഡിലെ അച്ചാതാല്‍ എച്ച്‌വൈവി വിഭാഗം നേതാക്കള്‍ പറയുന്നു. പശുക്കള്‍ക്ക്‌ മെച്ചപ്പെട്ട ക്ഷേമവും സൗകര്യങ്ങളും സൃഷ്‌ടിക്കുന്ന കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ്‌ ഉദ്ദേശം.

ഇതിന്‌ പുറമേ അലിഗഡിലെ പശുക്കളുടെ സംരക്ഷണത്തിനായി ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പശുക്കളെ ഉടമയെക്കൊണ്ട്‌ നന്നായി പരിരക്ഷിപ്പിക്കുക, പശുമോഷണം തടയുക തുടങ്ങിയവമാണ്‌ ഇതിന്റെ ഉദ്ദേശം. മറ്റിടങ്ങളിലേക്കും പ്രചരണം നീട്ടുന്നതുമായി ബന്ധപ്പെട്ട്‌ അടുത്ത മാസം സംഘടനാ പ്രതിനിധികള്‍ ആദിത്യനാഥിനെ കാണാനിരിക്കുകയാണ്‌.