മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പൊലീസ് ചെയ്യുന്ന കാര്യങ്ങൾ നാണക്കേടുണ്ടാക്കുന്നു:സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം

സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസ് ചെയ്യുന്ന കാര്യങ്ങള്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നാണ് വിമര്‍ശനം. ഭരണത്തെ സിപിഐഎം ഹൈജാക്ക് ചെയ്യുന്നുവെന്നും സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു. രാഷ്ട്രീയ ചര്‍ച്ച രൂപീകരണ റിപ്പോര്‍ട്ടിലാണ് കുറ്റപ്പെടുത്തലുണ്ടായത്. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പില്‍ യാതൊരു നിയന്ത്രണവുമില്ലെന്നും ജില്ലാ സമ്മേളനത്തിലും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് എക്‌സിക്യൂട്ടീവ് യോഗത്തിലും ഉയര്‍ന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ എന്ന് ബ്രാന്‍ഡ് ചെയ്യപ്പെടാനുള്ള പ്രവര്‍ത്തനങ്ങള്‍ നിന്നുണ്ടാകുന്നു. ഇതിന് സിപിഐഎം കൂട്ടുനില്‍ക്കുന്നുവെന്നും രാഷ്ട്രീയ റിപ്പോര്‍ട്ട് രൂപീകരണ ചര്‍ച്ചയിലുയര്‍ന്നുവന്നു.

സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രീയ റിപ്പോർട്ടിൻ്റെ രൂപീകരണ ചർച്ചയ്ക്ക് ഇടയിലാണ് ഈ വിമർശനം ഉയർന്നത്. രണ്ടാം പിണറായി സർക്കാരിൽ ഭരണത്തെ സിപിഎം ഹൈജാക്ക് ചെയ്യുന്ന നിലയുണ്ടെന്നും സംസ്ഥാന കൗൺസിലിൽ ആക്ഷേപമുയർന്നു. രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനത്തെ കുറിച്ച് മുന്നണിയിൽ തന്നെ ചർച്ച നടക്കുന്നതിനിടയിലാണ് സിപിഐ കാസർകോട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നത്. തുടർഭരണം നേടി അധികാരത്തിൽ വന്ന സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ വോട്ടു ചെയ്ത ജനങ്ങളെയും ഇടതുപക്ഷ മനസ്സുകളെയും നിരാശപ്പെടുത്തുന്ന സമീപനങ്ങളുണ്ടായിട്ടുള്ളതായി പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.

Loading...

സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചത് ധാർഷ്ട്യത്തിലൂടെയാണെന്നായിരുന്നു പത്തനംതിട്ട ജില്ല സമ്മേളനത്തിലുയര്‍ന്ന പ്രധാന വിമര്‍ശനം. അതിന്‍റെ തിരിച്ചടിയും സര്‍ക്കാര്‍ നേരിട്ടു. കെ റെയിൽ വിഷയം ശബരിമല പോലെ സങ്കീർണമാക്കിയെന്നും സമ്മേളനം വിമര്‍ശിച്ചു.ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള മുഖ്യമന്ത്രി കറുത്ത മാസ്കിനോട്‌ പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ലന്നും വിമര്‍ശനമുയര്‍ന്നിരുന്നു. മന്ത്രി വീണ ജോർജിന് ഫോൺ അലർജിയാണെന്നും ഔദ്യോഗിക നമ്പരിൽ വിളിച്ചാലും എടുക്കില്ലെന്നും പത്തനംതിട്ടയില്‍ വിമർശനം ഉയർന്നിരുന്നു.ആരോഗ്യ മന്ത്രിക്ക് വകുപ്പിൽ നിയന്ത്രണമില്ല.ശൈലജ ടീച്ചറിന്റെ കാലത്തെ നല്ല പേര് പോയെന്നും നേതാക്കൾ ആരോപിച്ചു. മറ്റൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും പ്രവർത്തിക്കാത്ത തരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പോക്കെന്നായിരുന്നു തിരുവനന്തപുരത്ത് അംഗങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനം.

പി.കെ.വാസുദേവൻ നായരെയും ഇ.കെ.നായനാരെയും പോലുള്ള കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ ഭരിച്ച നാടാണ് ഇതെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.എൽഡിഎഫ് സർക്കാരിനെ പിണറായി സർക്കാർ എന്ന ബ്രാൻഡിങ് ചെയ്യുകയാണെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇങ്ങനെയൊരു ബ്രാന്‍ഡിങ്ങിന് സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുവെന്നാണ് പ്രതിനിധികളുടെ ആരോപണം.