ലോകായുക്ത ഓര്‍ഡിനന്‍സില്‍ മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പറിയിച്ച് സിപിഐ; ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ എതിര്‍പ്പുമായി സിപിഐ. സര്‍ക്കാര്‍ ഈ രൂപത്തില്‍ ബില്‍ അവതരിപ്പിക്കുന്നതിനോട് യോജിക്കുവാന്‍ കഴിയില്ലെന്ന് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിലപാടെടുത്തു.

സിപിഐ മന്ത്രിമാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എന്നാല്‍ പ്രശ്‌നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടായില്ലെങ്കില്‍ നിയംസഭയില്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ ഭേദതഗതി കൊണ്ടുവരാനാണ് സിപിഐ ആലോചിക്കുന്നത്.

Loading...

ലോകായുക്തയുടെ തീരുമാനത്തെ തള്ളാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതിന് പകരം സ്വതന്ത്ര്യ സ്വഭാവമുള്ള ഉന്നത സമിതിയുടെ തീരുമാനത്തിന് വിടണമെന്നാണ് സിപിഐയുടെ നിര്‍ദേശം. അതേസമയം അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന ലോകായുക്തയുടെ അധികാരങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുവാന്‍ കഴിയില്ലെന്ന് സിപിഐ പറയുന്നു.

1999-ല്‍ ഇ ചന്ദ്രശേഖരന്‍ നായര്‍ നിയമമന്ത്രിയായിരിക്കെകൊണ്ടുവന്ന ലോകായുക്ത നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ സിപിഐ ആഗ്രഹിക്കുന്നില്ല. ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് അസാധവായിരുന്നു. ഈ മാസം 22 ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ബില്ല് അവതരിപ്പിക്കുക.