പൗരത്വ നിയമ ഭേദഗതി; ചൊവ്വാഴ്ചത്തെ ഹര്‍ത്താലിനെ തള്ളി സിപിഎം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില മുസ്ലീം സംഘടനകള്‍ ഈ മാസം 17ന് പ്രഖ്യാപിച്ച ഹര്‍ത്താലിനെ തള്ളി സിപിഎം. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ കെണിയില്‍പ്പെടുന്നതിന് തുല്യമാണ് ഹര്‍ത്താലില്‍ പങ്കാളിയാകുന്നത്. അതിനാല്‍ ഇത്തരം ഒറ്റപ്പെട്ട നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് സിപിഎം സംസ്ഥാന സമിതി പ്രസ്താവനയില്‍ പറഞ്ഞു.

അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തില്‍ ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഒരു ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത് വളര്‍ന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ലെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

Loading...

എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിഎസ്പി, കേരള മുസ്ലിം യുവജന ഫെഡറേഷന്‍, സോളിഡാരിറ്റി, എസ്‌ഐഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡിഎച്ച്‌ആര്‍എം, ജമാ- അത്ത് കൗണ്‍സില്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗ തീരുമാനമാണെന്നുള്ള രീതിയിലാണ് ഹര്‍ത്താല്‍ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. വെല്‍ഫെയര്‍പാര്‍ട്ടി, ഡിഎച്ച്‌ആര്‍എം എന്നീ പാര്‍ട്ടികള്‍ ഹര്‍ത്താലിന് പിന്തുണ അറിയിച്ചു. യൂത്ത് ലീ​ഗും ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരുന്നു.

സമസ്ത നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പൗരത്വഭേതഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വരുന്നതിന് ഡിസം: 17 ന് ചിലര്‍ നടത്തുന്ന ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാര്‍ത്തയില്‍ ചില തെറ്റിദ്ധാരണകള്‍ തിരുത്തപ്പെടേണ്ടതുണ്ട്. സ്വയം സന്നദ്ധരായി മാത്രം നടത്തുന്ന സമരമാണ് ഹര്‍ത്താല്‍ (ബന്ദല്ല) എങ്കില്‍ സഹകരിക്കാമെന്ന് സമസ്ത നേതൃത്വത്തിന്റെ അനുമതി പ്രകാരം സംഘടകരോട് അറിയിച്ചിരുന്നതാണ്. എന്നാല്‍ സമസ്തയുടേയോ ഒരു ഘടകത്തിന്റേയോ ഔദ്യോഗികത നല്‍കരുതെന്നും അറിയിച്ചിരുന്നു. ഔദ്യോഗിക പത്രക്കുറിപ്പില്‍ അങ്ങിനെ തന്നെയാണെങ്കിലും ചില വാട്‌സാപ്പ് മെസേജുകളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന് ചേര്‍ത്തു കാണുന്നത് തെറ്റാണ്.അപ്രകാരം മുഖ്യ മത,രാഷ്ട്രീയ സംഘടനയിലെ വ്യക്തികളൊക്കെ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു.എന്നാല്‍ അതും ഇല്ലെന്നറിയുന്നത് രാത്രി 11 മണിക്ക് വാട്‌സാപ്പ് മെസേജുകളിലൂടെയാണ്. അപ്പോള്‍ തന്നെ അതിലെ അനൗചിത്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. അതിനാല്‍ നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പിന്റെ വിഷയമാണെന്ന് ഉള്‍ക്കൊണ്ട് വാഹനങ്ങള്‍ റോഡിലിറക്കാതെയും കടകള്‍ തുറക്കാതെയും ജോലിക്ക് ഹാജറാവാതെ മറ്റുള്ളവരെ നിര്‍ബന്ധിക്കാതെ സ്വയം സന്നദ്ധമാകുന്ന സമരത്തോട് യോജിക്കാമെന്നും സംഘടനയുടെ ഔദ്യോഗിക നിര്‍ദേശമായി ഗണിക്കപ്പെടേണ്ടതില്ലെന്നും സവിനയം അറിയിക്കുന്നു.