എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കുറ്റകരമായ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഇ ഡിയും ഭാ​ഗമാകുന്നു: വിമർശനവുമായി സിപിഎം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കുറ്റകരമായ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഇ ഡിയും ഭാഗമാണെന്ന് സിപിഎം. ഇ ഡിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് നീക്കമെന്ന വിശദീകരണം പരിഹാസ്യമാണെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി ഇ ഡി ശ്രമിച്ചെന്ന അതീവഗൗരവമായ വെളിപ്പെടുത്തലാണ് ശബ്ദ സന്ദേശത്തിലുള്ളത്. ഇത് ഔദ്യോഗികമായി നിഷേധിക്കാന്‍ ഇതുവരെ ഇ ഡിക്ക് കഴിഞ്ഞിട്ടില്ല.സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖയുടെ ചുവടുപിടിച്ചാണ് അന്വേഷണ ഏജന്‍സിക്ക് എതിരെ പ്രതികരണവുമായി സിപിഎം രംഗത്തുവന്നിരിക്കുന്നത്.

ഈ പ്രതിയുടെ മൊഴിയായി ഇ ഡി സമര്‍പ്പിച്ച രേഖയുടെ വിശ്വാസ്യതയില്‍ കോടതി തന്നെ സംശയം രേഖപ്പെടുത്തിയിരുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ പേരു പറയാന്‍ നിര്‍ബന്ധിക്കുന്നെന്ന ഗൗരവമായ പരാതി മറ്റൊരു പ്രതി കോടതിയില്‍ തന്നെ പരസ്യമായി പറഞ്ഞിരിക്കുന്നു.സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടേതായി പുറത്തു വന്ന ശബ്ദ സന്ദേശത്തെ സംബന്ധിച്ച്‌ ബിജെപിയും കോണ്‍ഗ്രസും പറയുന്നത് അതേ പോലെ ആവര്‍ത്തിക്കുകയാണ് ഇ ഡി ചെയ്തിരിക്കുന്നത്.ആവശ്യമായത് തെരഞ്ഞടുത്ത് ചോര്‍ത്തി കൊടുത്തുകൊണ്ടിരിക്കുന്ന രീതിയില്‍ തന്നെയാണ് ഔദ്യോഗിക കുറിപ്പല്ലാതെ ഇ ഡി വൃത്തങ്ങളുടേതായി ഈ വാര്‍ത്തയും വന്നിരിക്കുന്നത് എന്ന് സിപിഎം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Loading...

എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കുറ്റകരമായ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഇ ഡിയും ഭാഗമാണെന്നു വ്യക്തമാക്കുന്നതാണ് അവരുടേതായി ചില മാധ്യമങ്ങളില്‍ വന്ന പ്രതികരണം. ഇ ഡിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് നീക്കമെന്ന വിശദീകരണം പരിഹാസ്യമാണ്. ദിവസേന സ്വയം വിശ്വാസ്യത തകര്‍ത്തു കൊണ്ടിരിക്കുന്ന അന്വേഷണ ഏജന്‍സിയായി ഇ ഡി മാറിക്കഴിഞ്ഞു. ഈ കേസില്‍ തന്നെ കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടുകളിലെ വൈരുദ്ധ്യം കോടതി തന്നെ പരാമര്‍ശിക്കുകയുണ്ടായി. കാലാവധി കഴിഞ്ഞ ഇ ഡി ഡയറക്ടര്‍ക്ക് തികച്ചും അസാധാരണമായ നിലയില്‍ ജോലി നീട്ടിക്കൊടുത്ത കേന്ദ്ര ബിജെപി ഭരണത്തിന്റെ ദുഷ്ടലാക്ക് നിയമവിദഗ്ദ്ധര്‍ തന്നെ തുറന്ന് വിമര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍ വേണം ഇ ഡിയുടെ വിശ്വാസ്യത വിലയിരുത്തുവാന്‍.