‘മുഖ്യമന്ത്രി ശൈലി തിരുത്തണം’; സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനം

ആലപ്പുഴ: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല, പാർട്ടിക്ക് അകത്തെ വിഭാഗീയതാണ് ഹരിപ്പാടും കായംകുളത്തും പാർട്ടി മൂന്നാം സ്ഥാനത്ത് എത്താൻ കാരണം, കുട്ടനാട്ടിലെ വിഷയം പരിഹരിക്കൻ ജില്ലാ സെക്രട്ടറി ആർ. നാസർ ഇടപെട്ടില്ല എന്നിങ്ങനെയാണ് വിമർശനങ്ങൾ.

ജില്ലാ സെക്രട്ടറിയറ്റിനും സെക്രട്ടറിക്കുമെതിരെയും കമ്മിറ്റിയിൽ രൂക്ഷ വിമർശനമുയർന്നു. കായംകുളത്തെ വിഭാഗീയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ സെക്രട്ടറി ആർ.നാസറിന് കഴിഞ്ഞില്ലെന്നും ജില്ലാ സെക്രട്ടറിയുടെ ഇടപെടൽ പരാജയമെന്നും കുട്ടനാട് ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി. കുട്ടനാട്ടിലെ വിഷയം പരിഹരിക്കാൻ സെക്രട്ടറി ഇടപെട്ടില്ലെന്നായിരുന്നു ജില്ലാ കമ്മിറ്റിയംഗം ശിവദാസന്റെ വിമർശനം.

Loading...

ഇതിനിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചും വിമർശിച്ചും അംഗങ്ങൾ രംഗത്തെത്തി. തെരഞ്ഞെടുപ്പ് സമയത്ത് ആദ്യം കണ്ടപ്പോൾ സഹായിക്കാമെന്ന് പറഞ്ഞ വെള്ളാപ്പള്ളി, പിന്നീട് ഇഡിയെ പേടിയെന്ന് പറഞ്ഞെന്ന് എംഎം ആരിഫ് ആരോപിച്ചു. വെള്ളാപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് ജില്ലാ കമ്മിറ്റിയംഗം ടി.കെ ദേവകുമാറും രംഗത്തെത്തി. വെള്ളാപ്പള്ളിയെ പിന്തുണച്ച് ഇന്നലെ മുതിർന്ന നേതാവ് ജി.സുധാകരൻ സംസാരിച്ചതിന് പിന്നാലെയാണ് വെള്ളാപ്പള്ളിക്കെതിരെ ജില്ലാ കമ്മിറ്റിയിലെ രൂക്ഷവിമർശനം.

ജി.സുധാകരന്റെ മോദി പ്രശംസയെയും കമ്മിറ്റി രൂക്ഷമായ ഭാഷയിൽ തന്നെ വിമർശിച്ചു. അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഓമനക്കുട്ടനാണ് വിമർശനമുന്നയിച്ചത്. ജി.സുധാകരന്റെ പേര് പറയാതെയായിരുന്നു വിമർശനം. ആദ്യം പ്രശംസിച്ചിട്ട് പിന്നീട് വ്യാഖ്യാനിച്ചിട്ട് കാര്യമില്ലെന്നും മാധ്യമങ്ങൾക്ക് വാർത്തയുണ്ടാക്കാൻ അവസരം കൊടുക്കരുതെന്നും ഓമനക്കുട്ടൻ കുറ്റപ്പെടുത്തി. മുതിർന്ന നേതാക്കൾക്ക് വാക്കുകൾ പിഴച്ചു കൂടെന്നും ഓമനക്കുട്ടൻ കൂട്ടിച്ചേർത്തു.

നരേന്ദ്രമോദി ശക്തനായ ഭരണാധികാരിയാണെന്നും ബിജെപിയുടെ കേന്ദ്രമന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങളില്ലെന്നുമുള്ള സുധാകരന്റെ പരാമർശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നാലെ മോദി ശക്തനാണെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് വാദിച്ച് സുധാകരൻ രംഗത്തെത്തി. തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നായിരുന്നു വാദം.