ജമാഅത്തെ ഇസ്ലാമി അതിന്റെ ആശയങ്ങള്‍ മുസ്ലീം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നുവെന്ന് സിപിഎം

വര്‍ഗ്ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ സംസ്ഥാനത്ത് നടന്നുവരുന്നുണ്ടെന്ന് സിപിഎം. ജമാഅത്തെ ഇസ്ലാമി അതിന്റെ ആശയങ്ങള്‍ മുസ്ലീം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവെന്നും സിപിഎം വിമര്‍ശിച്ചു. താലിബാന്‍ പോലുള്ള സംഘടനകളെ പോലും പിന്തുണക്കുന്ന ചര്‍ച്ചകള്‍ കേരള സമൂഹത്തില്‍ രൂപപ്പെടുന്നുവെന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്നും സിപിഎം തയ്യാറാക്കി നല്‍കിയ ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളിലെ ഉദ്ഘാടന പ്രസംഗത്തിലുള്ള കുറിപ്പില്‍ പറയുന്നു.

കുറിപ്പില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍:

Loading...

സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. മുസ്ലീം സംഘടനകളിലെല്ലാം നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്ലീം വര്‍ഗീയ-തീവവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യത്തേയും നാം കാണേണ്ടതുണ്ട്. ഇസ്ലാമികരാഷ്ട സ്ഥാപത്തിനായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകള്‍ മുസ്ലീം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സാഹചര്യം ഉപയോഗിച്ച് നടത്തുണ്ടെന്ന് മനസ്സിലാക്കണം. മാധ്യമം പത്രം മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെട്ടും ഇവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ട്.

ലോകത്തെ ജനാധിപത്യ വിശ്വാസികളും മുസ്ലീം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പോലും പിന്തുണക്കുന്ന ചര്‍ച്ചകള്‍ കേരള സമൂഹത്തില്‍ രൂപപ്പെടുന്നുവെന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ആശയപരമായ പ്രചരണങ്ങളിലാണ് ജമാഅത്തെ ഇസ്ലാമി ഊന്നുന്നത്. അധികാരത്തിനുവേണ്ടി ഏതു വര്‍ഗീയ ശക്തിയുമായും ചേരുന്ന കോണ്‍ഗ്രസ്സിന്റെ നയമാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫ് സഖ്യത്തിലേക്ക് നയിച്ചത്. ഒളിഞ്ഞും തെളിഞ്ഞും നിയമസഭാ തിരഞ്ഞെടുപ്പിലും ആ ബാന്ധവം തുടര്‍ന്നിട്ടുണ്ട് എന്നതും നാം കാണേണ്ടതുണ്ട്. ഇതിനെ തുറന്നുകാട്ടി മുന്നോട്ടു പോകാനാവണം.

വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. പ്രൊഫഷണല്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചുകൊണ്ട് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. ഇക്കാര്യത്തില്‍ വിദ്യാര്‍ഥി മുന്നണിയും യുവജ മുന്നണിയും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. അക്രമോത്സുകമായ പ്രവര്‍ത്തനത്തിലൂടെ എസ്ഡിപിഐ മുസ്ലീം സമുദായത്തിലെ, പ്രത്യേകിച്ചും, ചെറുപ്പക്കാരെ ആകര്‍ഷിക്കാനും ശ്രമിക്കുന്നുണ്ട്. ഇതിനെതിരേയും ശക്തമായ നിലപാട് സ്വീകരിക്കാനാവണം.

വര്‍ഗീയതയ്‌ക്കെതിരായുള്ള പ്രചാരണങ്ങള്‍ മതവിശ്വാസത്തിനെതിരായി മാറാതിരിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം. മതവിശ്വാസികള്‍ പൊതുവില്‍ വര്‍ഗീയതയ്‌ക്കെതിരാണെന്ന യാഥാര്‍ഥ്യം നാം മനസിലാക്കി ഇടപെടണം. ക്രൈസ്തവ ജനവിഭാഗങ്ങള്‍ വര്‍ഗീയമായ ആശയങ്ങള്‍ക്ക് കീഴ്‌പ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ല. എന്നാല്‍ അടുത്തകാലത്തായി കേരളത്തില്‍ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയ സ്വാധീനത്തെ ഗൗരവമായി കാണണം. മുസ്ലീം ജനവിഭാഗത്തിനെതിരേ ക്രിസ്ത്യന്‍ ജനവിഭാഗത്തെ തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ഇടപെടണം. ഇത്തരം ചിന്താഗതികള്‍ ആത്യന്തികമായി ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്കാണ് നേട്ടമാകുകയെന്ന് തിരിച്ചറിയണം.
buy project professional 2016