ഗവര്‍ണര്‍മാരുടെ പ്രസക്തിയെ പറ്റി ആലോചിക്കേണ്ട സമയമായി;യെച്ചൂരി

ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ലാത്തതാണെന്ന് സിപിഎം .പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ പ്രസ്താവന . ഗവര്‍ണര്‍ പദവികളുടെ പ്രസക്തിയെ കുറിച്ച്‌ ആലോചിക്കണം .ഗവര്‍ണര്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ലാത്തതാണ് . അഥവാ ഉണ്ടെങ്കില്‍ തന്നെ ഭരണഘടന അനുസരിച്ച്‌ പ്രവര്‍ത്തിക്കണമെന്നും യെച്ചൂരി പറഞ്ഞു .

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച പിണറായി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടതാണ് സിപിഎം ജെനറല്‍ സെക്രട്ടറിയെ ചൊടിപ്പിച്ചത് . താന്‍ റബ്ബര്‍ സ്റ്റാമ്ബല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിനോടുള്ള പ്രതികരണമായാണ് സിപിഎം ജനറല്‍ സെക്രട്ടറി ഗവര്‍ണര്‍ പ്രസ്ഥാവന നടത്തുന്നതിന് മുന്‍പ് ഭരണഘടന വായിക്കണമെന്ന് പറഞ്ഞത്.ജനാധിപത്യ പരമായി തെരഞ്ഞെടുത്ത സര്‍ക്കാരുകള്‍ക്കുള്ള അവകാശങ്ങള്‍ എന്താണെന്ന് പ്രസ്താവനകള്‍ ഇറക്കുന്നതിന് മുന്‍പ് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...

സ്വതന്ത്ര ഇന്ത്യയില്‍ഗവര്‍ണറുടെ സ്ഥാനത്തിന് പ്രസക്തിയില്ലെന്നും ബ്രിട്ടിഷ് കാലത്തുള്ള പദവി എടുത്ത് കളയുന്നതിനെ കുറിച്ച്‌ചിന്തിക്കേണ്ട സമയമായെന്നും അദ്ധേഹം പറഞ്ഞു.

എന്‍പിആര്‍ ചോദ്യങ്ങള്‍ക്ക് എന്തുകൊണ്ട് മറപടി നല്‍കരുത് എന്ന് ജനങ്ങളോട് വിശദീകരിക്കും.പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന യോജിച്ച സമരങ്ങള്‍ക്ക് പിന്തുണ നല്‍കും. എന്‍ആര്‍സി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. പൗരത്വ നിയമത്തിന് എതിരായ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുന്നു. കേരളത്തെ പിന്തുടര്‍ന്ന് പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പൗരത്വ നിയമത്തിന് എതിരെ പ്രമേയം പാസാക്കി. മറ്റു ബിജെപി ഇതര സംസ്ഥാനങ്ങളും ഇത് മാതൃകയാക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

രാജ്യത്തുള്ള എല്ലാ തടങ്കല്‍ പാളയങ്ങളും അടച്ചുപൂട്ടണം. സമരങ്ങള്‍ക്ക് എതിരെ അക്രമം നടന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. യുപിയില്‍ പൊതുമുതല്‍ നശിപ്പിച്ചത് പൊലീസാണ്. ഭീമമായ നഷ്ടപരിഹാരം ചുമത്തി പൊതുജനങ്ങളെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിന് അര്‍ഹമായ സാമ്ബത്തിക സഹായങ്ങള്‍ കേന്ദ്രം തടഞ്ഞുവയ്ക്കുകയാണ്. കേന്ദ്രത്തിന് എതിരെ നില്‍ക്കുന്നതുകൊണ്ടാണ് ഈ വിവേചനം. കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കണം. ജമ്മു കശ്മീര്‍ പൂര്‍ണമായും പൊലീസ് സ്റ്റേറ്റായി മാറി. ജനങ്ങള്‍ക്ക് സാധാരണ ജീവിതം സാധ്യമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അവഹേളിക്കനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണ്ണര്‍ പദവിയെന്നും പാര്‍ട്ടി മുഖപ്പത്രത്തില്‍ കോടിയേരിയുടെ ലേഖനം.

സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കും നടപടികള്‍ക്കുമെതിരെ പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടിയാണ് ഗവര്‍ണറുടെ അനുചിത ഇടപെടലെന്നാണ് പാര്‍ട്ടി സെക്രട്ടറിയുടെ വിമര്‍ശനം.

പോരാട്ടത്തിലെ കരുത്തുറ്റ സാന്നിദ്ധ്യം എന്ന തലക്കെട്ടില്‍ ഇ ബാലാനന്ദനെക്കുറിച്ചുള്ള ലേഖനത്തിലാണ് സര്‍ക്കാരിന്റെ മേന്മപറഞ്ഞും ഗവര്‍ണ്ണറെ വിമര്‍ശിക്കുകയും ചെയ്യുന്നത്. കേരള നിയമസഭ പ്രമേയം പാസാക്കിയതിനെയും നിയമപോരാട്ടത്തിനായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതും ഭരണഘടനാ അനുസൃതമായ നടപടിയെന്നാണ് പാര്‍ട്ടി സെക്രട്ടറിയുടെ വിശദീകരണം.

എന്നാല്‍ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ഗവര്‍ണര്‍ രംഗത്തെത്തിയതില്‍ പ്രതിപക്ഷ പാര്‍ട്ടികളടക്കം അനുകൂല നിലപാടുകളുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ വിമര്‍ശനം.