പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തു, പ്രതി സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗം

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് ശാരീരികമായി കുട്ടിയെ ദുരുപയോഗം ചെയ്തത് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം. സംഭവത്തെ തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എഴുകുംവയല്‍ കൂമ്പന്‍മല ബ്രാഞ്ച് അംഗത്തെയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയത് എന്ന് സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ അറിയിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിക്ക് നെടുങ്കണ്ടം സ്റ്റേഷന്‍ പരിധിയില്‍ ആണ് സംഭവം ഉണ്ടായത്. മികച്ച മാര്‍ക്ക് നേടി വിജയിച്ച കുട്ടികളെ അനുമോദിക്കാന്‍ പാര്‍ട്ടി സമീപകാലത്ത് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കിടെ ബ്രാഞ്ച് കമ്മറ്റി അംഗം 16 വയസുകാരിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങി. തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ചു. ഇന്നലെ പുലര്‍ച്ചെ കുട്ടിയുടെ വീട്ടില്‍ ബ്രാഞ്ച് കമ്മറ്റി അംഗം എത്തി. വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ബ്രാഞ്ച് കമ്മറ്റിയംഗം പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്യുന്നത് കണ്ടത്. വീട്ടുകാര്‍ ബഹളം വെച്ചതോടെ ഇയാള്‍ ഉടുമുണ്ടും വാഹനവും ഉപേക്ഷിച്ച് കടന്നു. പോലീസ് എത്തി വാഹനം കസ്റ്റഡിയില്‍ എടുത്തു. ചൈല്‍ഡ് ലൈന്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

Loading...